ന്യൂദല്‍ഹി: കരസേനയിലെ രണ്ട് ബറ്റാലിയന്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയെന്ന വാര്‍ത്ത മുതിര്‍ന്ന കേന്ദ്ര മന്ത്രി ആസൂത്രണം ചെയ്തതാണെന്ന് റിപ്പോര്‍ട്ട്. ദല്‍ഹിയില്‍ നിന്ന് പുറത്തിറങ്ങുന്ന വാരിക ‘ദി സണ്‍ഡേ ഗാര്‍ഡിയന്‍’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മുതിര്‍ന്ന മന്ത്രിയുടെ ബന്ധു ആയുധ ലോബികളുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇയാളുടെ സഹായത്തോടെയാണ് ഈ കേന്ദ്രമന്ത്രി ഗൂഢാലോചന നടത്തിയതെന്നും വാരിക റിപ്പോര്‍ട്ട് ചെയ്യുന്നു. ജനറല്‍ വി.കെ സിങ്ങിനുള്ള രാഷ്ട്രീയ പിന്തുണ ഇല്ലാതാക്കുകയായിരുന്നു വാര്‍ത്തയുടെ ലക്ഷ്യം. ഇതിന് വേണ്ടി മന്ത്രി പത്രത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുപ്രധാന റിപ്പോര്‍ട്ട് പത്രം പുറത്തുവിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സൈനിക ജനറല്‍ വി.കെ സിങ്ങിനെതിരെ രംഗത്തുവരുമെന്നായിരുന്നു മന്ത്രി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിന് നേരെ വിപരീതമായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച പത്രത്തിനെതിരെയാണ് ഇവര്‍ രംഗത്തുവന്നത്.

ആയുധക്കച്ചവടക്കാരുമായി ഈ മന്ത്രിയുടെ ബന്ധു ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്താറുണ്ടെന്ന് സോഴ്‌സ് വ്യക്തമാക്കിയതായി സണ്‍ഡേ ടെലിഗ്രാഫ് പറയുന്നു. വിദേശ രാജ്യങ്ങളില്‍ വെച്ചാവും പലപ്പോഴും ഈ കൂടിക്കാഴ്ച. ഉന്നത സ്വാധീനമുള്ള ഇത്തരം വ്യക്തികളുടെ കൂടിക്കാഴ്ചകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വലയത്തിന് പുറത്തായിരിക്കും. ഇത്തരം ആയുധ വ്യാപാരികളുടെ ശൃംഖല വളരെ വലുതായിരിക്കും. ദുബൈ, ലണ്ടന്‍, ബാങ്കോക്ക് എന്നിവിടങ്ങളിലാണ് പലപ്പോഴും ചര്‍ച്ചകള്‍ നടക്കുക. വന്‍കിട ഹോട്ടലുകളില്‍ വിലകൂടിയ ഭക്ഷണത്തിനും മദ്യത്തിനും മറ്റ് വിനോദങ്ങള്‍ക്കുമിടയിലായിരിക്കും ആയുധക്കച്ചവടം ഉറയ്ക്കുകയെന്നും സോഴ്‌സ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുതിര്‍ന്ന മന്ത്രിയുടെ കയ്യില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസിലെ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് തന്നെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതില്‍ അത്ഭുതപ്പെടാനില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വി.കെ സിങ്ങിനെ പ്രതിരോധത്തിലാക്കുക മാത്രമായിരുന്നില്ല, സൈന്യത്തിന്റെ വിശ്വാസ്യതയും കെട്ടുറപ്പും ഇല്ലാതാക്കി പാകിസ്ഥാന്‍ മാതൃകയില്‍ ഇന്ത്യയില്‍ സാഹചര്യമുണ്ടാക്കുകയും വാര്‍ത്ത ചോര്‍ത്തലിന്റെ ലക്ഷ്യമാണെന്ന് സോഴ്‌സുകളെ ഉദ്ധരിച്ച് വാരിക റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും കരസേനാ വേധാവിയും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ ഇന്ത്യന്‍ കരസേനയുടെ രണ്ട് സായുധ യൂണിറ്റുകള്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ശേഖര്‍ ഗുപ്തയാണ് പേര് വെച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജനുവരി 16,17 തീയതികളിലാണ് ദല്‍ഹിയിലേക്ക് സംശയാപ്ദമായ സാഹചര്യത്തില്‍ സൈനീക നീക്കം നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രായ വിവാദത്തില്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങ് സുപ്രീം കോടതിയെ സമീപിച്ചത് ജനുവരി 16നായിരുന്നു. കേന്ദ്രസര്‍ക്കാരും പ്രതിരോധമന്ത്രാലയവും അറിയാതെയായിരുന്നു ഈ സൈനീക നീക്കം. ഹരിയാനയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള രണ്ട് സായുധ യൂണിറ്റുകളാണ് ദല്‍ഹി ലക്ഷ്യമാക്കി നീങ്ങിയത്. ഹരിയാനയില്‍ നിന്നും 150 കിലോമീറ്റര്‍ സൈന്യം നീങ്ങിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ടിനെ സൈന്യവും സര്‍ക്കാറും തള്ളിക്കളയുകയായിരുന്നു. പതിവ് പരിശീലനത്തിന്റെ ഭാഗമായുള്ള മാര്‍ച്ചാണ് നടന്നതെന്നാണ് സൈന്യം ഇതിനോട് പ്രതികരിച്ചത്. വസ്തുതാ വിരുദ്ധമായ റിപ്പോര്‍ട്ടാണ് ഇതെന്നാണ് സര്‍ക്കാറും വ്യക്തമാക്കിയത്.

Malayalam News

Kerala News in English