ഡെറാഡൂണ്‍: ആഭ്യന്തര വ്യോമയാന കമ്പനി സ്ഥാപിക്കാന്‍ ശ്രമം നടത്തുന്ന സമയത്ത് കേന്ദ്രമന്ത്രി തന്നോട് 15 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. എന്നാല്‍ കോഴി കൊടുക്കാന്‍ ടാറ്റക്ക് ഉദ്ദേശമില്ലായിരുന്നു. അങ്ങിനെ വിമാനക്കമ്പനിയെന്ന സ്വപ്‌നം ഉപേക്ഷിച്ചു.

10-12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവമുണ്ടായത്. എന്നാല്‍ മന്ത്രിയാരാണെന്ന് വെളിപ്പെടുത്തുന്നില്ല. കാരണം ഇതെക്കുറിച്ച് അന്വേഷിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല. ഒരു വ്യവസായി മുഖേനയാണ് മന്ത്രി കോഴ ആവശ്യപ്പെട്ടതെന്നും ടാറ്റ പറഞ്ഞു.

എന്നാല്‍ 1995, 97, 2001 വര്‍ഷങ്ങളിലാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് ടാറ്റ വിമാനക്കമ്പനി തുടങ്ങാന്‍ ശ്രമിച്ചത്. 1996ല്‍ ദേവഗൗഡ മന്ത്രിസഭയില്‍ വ്യോമയാന വകുപ്പ് കൈകാര്യം ചെയ്തത് സി.എം ഇബ്രാഹീമായിരുന്നു. എന്നാല്‍ ദേശീയ താല്‍പര്യം പരിഗണിച്ചാണ് ടാറ്റയുടെ കമ്പനിത്ത് അനുമതി നല്‍കാതിരുന്നതെന്ന് സി.എം ഇബ്രാഹീം പറഞ്ഞു. അനുമതി നല്‍കുകയായിരുന്നുവെങ്കില്‍ രാജ്യത്തിന് കോടികള്‍ നഷ്ടപ്പെടുമായിരുന്നു. എതായായും അഴിമതി നടത്താന്‍ ശ്രമിച്ച മന്ത്രിയുടെ പേര് ടാറ്റ വെളിപ്പെടുത്തണമെന്നും ഇബ്രാഹീം പറഞ്ഞു.

രത്തന്‍ ടാറ്റയുടെ മുന്‍ഗാമിയായ ജെ.ആര്‍.ഡി.ടാറ്റയാണ് രാജ്യത്തെ ആദ്യ വാണിജ്യ എയര്‍ലൈന്‍ കമ്പനി സ്ഥാപിച്ചത്. 1930കളിലായിരുന്നു ഇത്. ടാറ്റാ എയര്‍ലൈന്‍സ് എന്ന പേരിലുള്ള ഈ കമ്പനിയെയാണ് 1950കളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് എയര്‍ഇന്ത്യയാക്കി മാറ്റിയത്.