Categories

എസ്.എസ്.എല്‍.സി ജയിക്കാന്‍ പൊതുപരീക്ഷയ്ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കണം

S.S.L.C1

കാഞ്ഞങ്ങാട്: എസ്.എസ്.എല്‍.സി ജയിക്കാന്‍ പൊതുപരീക്ഷയില്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കണമെന്ന് അധ്യാപകരുടെ പഠിപ്പിക്കാനുള്ള അവകാശ പ്രചരണവേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കുട്ടികളില്‍ പഠനതല്‍പ്പരതയും പ്രയത്‌നശീലവും സ്ഥിരോത്സാഹവും തിരിച്ച് കൊണ്ടുവരാന്‍ ഇത് അത്യാവശ്യമാണെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

നിലവില്‍ ഒരു വിഷയത്തില്‍ ജയിക്കാന്‍ 100 ല്‍ 30 മാര്‍ക്കും 50 ല്‍ 15 മാര്‍ക്കുമാണ് വേണ്ടത്. ഇതില്‍ യഥാക്രമം 20 ഉം 10 ഉം മാര്‍ക്കുകള്‍ നിരന്തരമൂല്യനിര്‍ണ്ണയമെന്ന പേരില്‍ എല്ലാവര്‍ക്കും ദാനമായി നല്‍കുന്നുണ്ട്.

എഴുത്തു പരീക്ഷയിലും എന്‍ട്രിലെവല്‍, മെന്റല്‍ പ്രൊസസ് എന്നിവ പരിഗണിച്ച് ഉദാരമായി മാര്‍ക്ക് നല്‍കുന്നുണ്ട്.

ഇത് യാതൊരു പ്രയത്‌നവും കൂടാതെ പരീക്ഷ ജയിക്കാമെന്ന അവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുമെന്നും കുട്ടികളെ മടിയന്‍മാരാക്കി തീര്‍ക്കുമെന്നും കമ്മിറ്റി പറഞ്ഞു.

ശിശുമന:ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ അറിയുന്നവര്‍ ഈ രീതിയെ അംഗീകരിക്കില്ല. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് തന്നെ അപമാനകരമാണ് പ്രസ്തുത സമ്പ്രദായം.

വിദ്യാഭ്യാസം കുട്ടികളില്‍ പ്രയത്‌നശീലം വളര്‍ത്തിയെടുത്ത് അവരെ കഴിവുള്ളവരാക്കി മാറ്റിയെടുക്കണം. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലെ പഠനം പ്രധാനമായും പരീക്ഷയുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്.

ഗ്രേഡിങ് സമ്പ്രദായം വന്നത് മുതല്‍ സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തുണ്ടായ മാറ്റങ്ങളുടെ ഗുണദോഷവിചാരം വിലയിരുത്താന്‍ അധികൃതര്‍ തയ്യാറാകണം.

വിദ്യാഭ്യാസ പഠന ഗവേഷണങ്ങള്‍ക്കുത്തരവാദിത്തപ്പെട്ട എസ്.സി.ഇ.ആര്‍.ടി ഇത് സംബന്ധിച്ച് നടത്തിയ എല്ലാ ഗവേഷണറിപ്പോര്‍ട്ടുകളും പരസ്യപ്പെടുത്തണം.

ഓരോ വിഷയവും ജയിക്കാന്‍ 35 ശതമാനവും അതില്‍ തന്നെ 100 ല്‍ 30 ഉം 50 ല്‍ 15 ഉം മാര്‍ക്കുകള്‍ എഴുത്തുപരീക്ഷയില്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നത് കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ മാറ്റമുണ്ടാക്കും.

നിരന്തര മൂല്യ നിര്‍ണ്ണയത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ക്ക് മിനിമം മാര്‍ക്ക് നിശ്ചയിക്കണം. സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് അധികൃതര്‍ നടത്തുന്നതെങ്കില്‍ ഈ രീതിയിലുള്ള തീരുമാനങ്ങളാണ് നടപ്പിലാക്കേണ്ടതെന്നും യോഗം വിലയിരുത്തി.

ആള്‍ പ്രോമോഷന്‍ അവസാനിപ്പിക്കുക, വസ്തുനിഷ്ഠമായ മൂല്യ നിര്‍ണ്ണയം ഏര്‍പ്പെടുത്തി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, എന്നീ ഡിമാന്റുകളുന്നയിച്ച് വ്യാപക പ്രചാരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

കെ.രവി അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.മുരളീധരന്‍, എം.വി തങ്കച്ചന്‍, കെ.രാജന്‍, കെ.സുഗതന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tagged with: