ബെയ്ജിങ്: അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിക്കുന്ന വനിതാ താരങ്ങള്‍ സ്‌കേര്‍ട്ട് ധരിക്കണമെന്ന വാദം ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ ഉപേക്ഷിച്ചു. പുതിയ നിര്‍ദ്ദേശത്തിനെതിരേ കടുത്ത വിമര്‍ശനം വന്നതിന്റെ പശ്ചാത്തലത്തിലാണ് സ്‌കേര്‍ട്ട് ധരിച്ച് കളിക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിച്ചിരിക്കുന്നത്.

വനിതാ ബാഡ്മിന്റണ്‍ താരങ്ങളുടെ ഡ്രസ് കോഡിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്. ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ കൂടുതല്‍ ‘ ജനകീയമാക്കാന്‍ ‘ എന്ന പേരിലായിരുന്നു മിനി സ്‌കേര്‍ട്ട് ധരിക്കണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. മേയ് ഒന്നുമുതല്‍ നടപ്പില്‍ വരുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് ജൂണിലേക്ക് മാറ്റുകയായിരുന്നു.

നീക്കം താരങ്ങളുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നാണ് വിവിധ സംഘടനകള്‍ ആരോപിച്ചത്. കൂടാതെ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ കളിക്കാനിറങ്ങുമ്പോള്‍ സ്‌കേര്‍ട്ട് നിര്‍ബന്ധമാക്കുന്നത് ശരിയല്ലെന്നും ആരോപണമുണ്ടായിരുന്നു.