Categories

വാഗമണില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 മരണം

കോട്ടയം: വാഗമണിനടുത്ത് വെള്ളികുളത്തിനു സമീപം മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. ആലപ്പുഴ മുഹമ്മയില്‍ നിന്നുള്ള വാദ്യസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ചവരെല്ലാം ആലപ്പുഴ സ്വദേശികളാണ്. 22 പേര്‍ ബസിലുണ്ടായിരുന്നു. പതിനെട്ട് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

സുബിന്‍, മണിക്കുട്ടന്‍, അപ്പു, രതീഷ്, എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മുഹമ്മ സ്വദേശികളായ സാഗര്‍(19), പിച്ചിക്കാട്ട് വെളിയില്‍ സുധീഷ്(23), തോട്ടുങ്കല്‍ സെബിന്‍(31), ചേര്‍ത്തല കട്ടച്ചിറ പ്രിന്‍സ് (22), മുഹമ്മ പുളിഞ്ചോട്ടില്‍ രഞ്ജിത്ത് (13), പുത്തനങ്ങാടി സ്വദേശി സാലു (33) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

മുഹമ്മ സ്വദേശികളായ പുതുവെട്ടത്ത് വളത്തില്‍ രതീഷ് (21), കളത്തില്‍ ശരത് (22), ശാന്തിവെളിയില്‍ അഭിജിത് (14), പിടിക വെളിയില്‍ പ്രശാന്ത് (22), കുറുപ്പുചാല്‍പറമ്പ് വിനീത് (23), തറവെളിയില്‍ സുജിത് (23), പുളിച്ചോട്ടില്‍ രാകേഷ് (14), ചോന്നിപുരയ്ക്കല്‍ ജിതിന്‍ (15), പാലയ്ക്കല്‍ സന്ദീപ് (14), തോട്ടുകാ വെളിയില്‍ പ്രവീണ്‍ (33), തകിടിവേളിയില്‍ രതീഷ് (23) എന്നിവരെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

പുള്ളിത്താനത്ത് വാദ്യമേളം കഴിഞ്ഞശേഷം മുഹമ്മയിലേക്ക് തിരിച്ചുപോവുകയായിരുന്നു ബസ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം. മൂന്ന് പേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയുമാണ് മരിച്ചത്.

വന്‍താഴ്ചയിലേക്ക് ബസ് മറിഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയതിനുശേഷമാണ് കൊക്കയിലേക്ക് ഇറങ്ങിയത്. ബസിലുള്ള മുഴുവന്‍ പേരെയും മുകളിലെത്തിച്ചിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ മുകളിലെത്തിച്ചത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5000 രൂപയുടെ അടിയന്തര സഹായം ആലപ്പുഴ കളക്ടര്‍ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 2000 രൂപയും നല്‍കും.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.