ജനീവ: ലെഡ് അയണ്‍കണികകള്‍ കൂട്ടിയിടിച്ച് പ്രപഞ്ചോല്‍പ്പത്തിക്ക് സമാനമായ സാഹചര്യം പുനര്‍ നിര്‍മ്മിക്കാനുള്ള ശാസ്ത്രജ്ഞരുടെ  ശ്രമങ്ങള്‍ വിജയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ജനീവയിലെ ‘ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡറില്‍’ നടത്തിയ പരീക്ഷണത്തില്‍ പ്രപഞ്ചോല്‍പ്പത്തിയുടെ സമയത്തുണ്ടായ ഭൗതികസാഹചര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സാധിച്ചുവെന്ന് ബ്രിംഗിംഗ്ഹാം സര്‍വ്വകലാശാലയിലെ ഡെവിഡ് ഇവാന്‍സ് വ്യക്തമാക്കിയതായി ദ ടെലഗ്രാഫ് പത്ര​ റിപ്പോര്‍ട്ടു ചെയ്തു.

മഹാവിസ്‌ഫോടനം വഴി (ബിഗ്ബാങ്) പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട സമയത്തെ അതേ അവസ്ഥ പുനര്‍നിര്‍മ്മിക്കുകയെന്നതാണ് കണികാപരീക്ഷണം വഴി ലക്ഷ്യമാക്കുന്നത്. ഇതിനായി ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡറില്‍ ലെഡ് അയണ്‍ കണികകള്‍ കൂട്ടിയിടിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കണികാപരീക്ഷണം വഴി സാധിക്കുമെന്നാണ് കരുതുന്നത്.

അത്യുന്നത ഊര്‍ജ്ജനിലയിലാണ് അയണ്‍കണികകള്‍ കൂട്ടിയിടിക്കുന്നത്. തന്‍മൂലം ഉയര്‍ന്ന ഊര്‍ജ്ജനിലയും താപവും സാന്ദ്രതയും രൂപപ്പെടും.ബിഗ്ബാങ് മൂലമുണ്ടാകുന്ന താപം സൂര്യന്റെ അകക്കാമ്പിലുണ്ടാകുന്നതിനേക്കാള്‍ പതിന്‍മടങ്ങ് അധികമായിരിക്കും.