കോഴിക്കോട്: കോഴിക്കോട് മിംസ് ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. മാനേജ്‌മെന്റ് പ്രതിനിധികളും സമരം നടത്തുന്ന ഇന്ത്യന്‍ രജിസ്‌ട്രേഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളും തമ്മില്‍ നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. വേതന വര്‍ധന, ഡ്യൂട്ടി സമയം ക്രമീകരിക്കല്‍, പൊതു അവധി ദിനത്തിലെ സേവനത്തിന് ഇരട്ടി പ്രതിഫലം തുടങ്ങിയ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

മിനിമം വേതനം 9925 രൂപയാക്കി ഉയര്‍ത്താമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയതായിട്ടാണ് വിവരം. വേതനത്തില്‍ പരമാവധി 20 ശതമാനം വര്‍ധന നല്‍കാനും തീരുമാനമായിട്ടുണ്ട്.

നേരത്തെയും നഴ്‌സുമാരുടെ പ്രതിനിധികള്‍ ആശുപത്രി മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മാനേജ്‌മെന്റുമായി നടന്ന അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു അനിശ്ചിതകാല സമരം നടത്താന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്.