എഡിറ്റര്‍
എഡിറ്റര്‍
വിവാദപ്രസംഗം: ഉവൈസിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
എഡിറ്റര്‍
Wednesday 9th January 2013 12:45pm

ഹൈദരാബാദ്: പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരില്‍ അറസ്റ്റിലായ ആന്ധ്രാപ്രദേശ് എം.എല്‍.എയും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവുമായ അക്ബറുദ്ദീന്‍ ഉവൈസിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Ads By Google

നിര്‍മല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കെ.അഗേഷ് കുമാറിന്റേതാണ് നടപടി. ചോദ്യം ചെയ്യാനായി ഉവൈസിയെ ഏഴു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരസിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ 5.25നാണ് ഉവൈസിയെ കോടതിയില്‍ ഹാജരാക്കിയത്. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം അഞ്ച് പുതിയ കുറ്റങ്ങള്‍ കൂടി ഉവൈസിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഉവൈസിയെ ആദിലബാദിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കാനും കോടതി നിര്‍ദേശിച്ചു.

സെക്ഷന്‍ 122, 153 എ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. വിവാദപ്രസംഗം നടത്തി ഒരു മാസം പിന്നിടുമ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഉവൈസി ഡിസംബര്‍ 24ന് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ആരോപണം. ഇതത്തേുടര്‍ന്ന് ഉവൈസിക്കെതിരെ കീഴ്‌കോടതി നിര്‍ദേശപ്രകാരം കേസെടുത്തിരുന്നു. അതിനിടെ, ചികിത്സക്കായി ലണ്ടനിലേക്ക് പോയ ഇദ്ദേഹം കഴിഞ്ഞദിവസമാണ് തിരിച്ചെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരത്തോടെ അന്വേഷണ ഉദ്യോഗസ്ഥന്‍  ഉവൈസിയുടെ വീട്ടിലെത്തിയെങ്കിലും ശരീരവേദനയായതിനാല്‍ ചോദ്യംചെയ്യലില്‍നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.

എന്നാല്‍, ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കാനായി പൊലീസ് ഗവ. ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഉവൈസിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി. പരിശോധനാ റിപ്പോര്‍ട്ടില്‍ ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയത്.

ഉവൈസിയുടെ അറസ്റ്റിനെതുടര്‍ന്ന് പുരാതന ഹൈദരാബാദിന്റെ പല ഭാഗങ്ങളിലും സംഷര്‍ഷം നിലനില്‍ക്കുകയാണ്. പ്രസംഗത്തിന്റെ പേരില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലുള്ള കേസ് റദ്ദാക്കണമെന്നും അറസ്റ്റ് ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഉവൈസി ഹെക്കോടതിയെ സമീപിച്ചിരുന്നു.

ആന്ധ്രാപ്രദേശ് പോലീസിന് മുന്നില്‍ ഹാജരാകുന്നതിന് നാല് ദിവസത്തെ സാവകാശവും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം തിങ്കളാഴ്ച പോലീസിന് മുന്നില്‍ ഹാജകാരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം തന്റെ പ്രസംഗം ഒരു വിഭാഗം മാധ്യമങ്ങള്‍ അടര്‍ത്തിയെടുത്ത് സംപ്രേഷണം ചെയ്യുകയായിരുന്നുവെന്ന് ഉവൈസി പറഞ്ഞു. തന്റെ രാഷ്ട്രീയ എതിരാളികളാണ് പല സ്ഥലങ്ങളിലും പരാതി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഉവൈസിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി വീണ്ടും ഹരജി സമര്‍പ്പിക്കുമെന്ന് ആദിലാബാദ് പൊലീസ് സൂപ്രണ്ട് എസ്.ത്രിപാഠി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisement