തിരുവനന്തപുരം: മില്‍മപാലിന് 5 രുപ വില കൂട്ടിയെന്ന് മില്‍മ ചെയര്‍മാന്‍ പി.കെ.ഗോപാലകുറുപ്പ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതുകൊണ്ട് വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല. പെരുമാറ്റചട്ടം പിന്‍വലിച്ചാലുടന്‍ വിലവര്‍ധനയുണ്ടാകും.

എന്നാല്‍ പാല്‍വില കൂട്ടാനുള്ള തീരൂമാനം ഏകപക്ഷീയമാണെന്നും അംഗീകരിക്കാനാവില്ലെന്നും മന്ത്രി സി.ദിവാകരന്‍ പറഞ്ഞു.

ജനങ്ങള്‍ക്കുനേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയാണ് മില്‍മയെന്നും വില കൂട്ടാന്‍ അനുവദിക്കില്ലെന്നും ദിവാകരന്‍ വ്യക്തമാക്കി.

നിലവില്‍ മില്‍മ പാലിന്റെ വില 23 രൂപയാണ്. വിലകൂട്ടുമ്പോള്‍ ഇത് 28 രൂപയാകും. 5 രുപ കൂട്ടുമ്പോള്‍ അതില്‍ 4.20 രൂപ കര്‍ഷകര്‍ക്കും 20 പൈസ ഏജന്റുമാര്‍ക്കും 20 പൈസ കര്‍ഷക സംഘങ്ങള്‍ക്കും നല്‍കുമെന്നും ഗോപാലകുറുപ്പ് വ്യക്തമാക്കിയിരുന്നു .

സര്‍ക്കാര്‍ അനുകൂലിക്കുന്നതോ എതിര്‍ക്കുന്നതോ പ്രശനമല്ലെന്നും വിലകൂട്ടാന്‍ മില്‍മക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.