മില്‍മയുടെ പാല്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവ്. പാല്‍ വിലയില്‍ വര്‍ദ്ധനയുണ്ടായ സാഹചര്യത്തില്‍ മില്‍മയുടെ വില്‍പ്പന രണ്ട് ലക്ഷം ലിറ്ററില്‍ നിന്ന് ഒന്നരയായി കുറഞ്ഞു. ഇതോടെ പ്രതിദിന വരവില്‍ 10 ലക്ഷത്തിന്റെ കമ്മിയാണ് ഉണ്ടായത്.

Ads By Google

സെപ്റ്റംബറില്‍ വില കൂടിയതോടെ പാലിന്റെ വില ലിറ്ററിന് 27 രൂപയില്‍ നിന്ന് 32 ആയി ഉയര്‍ന്നു. അതുകൊണ്ടാണ് മില്‍മ പാല്‍ കൈയ്യൊഴിയാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരായത്. മില്‍മ വില വര്‍ധിപ്പിച്ചെങ്കിലും ചില സ്വകാര്യ കമ്പനികളുടെ പാല്‍ ലിറ്ററിന്  27 രൂപയാണ്.

വിപണിയില്‍ മില്‍മ പാലിന്റെ വില്‍പ്പനയില്‍ കുറവുണ്ടായത് മില്‍മ അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതിദിനം 10 ലക്ഷം രൂപയുടെ കുറവാണ് വന്നിട്ടുള്ളത്. ഒരു വര്‍ഷത്തിനിടെ രണ്ട് തവണയാണ് പാല്‍ വില മില്‍മ വര്‍ധിപ്പിച്ചത്.

2011 സെപ്റ്റംബറില്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഒരു രൂപയുടെ വര്‍ധനവിനാണ് കാബിനറ്റ് അനുമതി നല്‍കിയത്. ഒടുവില്‍ കോടതിയെ സമീപിച്ച് വില നിശ്ചയിക്കുന്ന കാര്യത്തില്‍ സ്വന്തം നിലയ്ക്ക് ബോര്‍ഡിന് അവകാശമുണ്ടെന്ന് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.

സര്‍ക്കാരിന്റെ നിയന്ത്രണം മാറിയതോടെ എപ്പോള്‍ വേണമെങ്കിലും ബോര്‍ഡിന് വില വര്‍ധിപ്പിക്കാനുള്ള അവകാശമാണ് കൈവന്നിട്ടുള്ളത്. ക്ഷീരകര്‍ഷകരുടെ പേര് പറഞ്ഞാണ് വിലവര്‍ധിപ്പിക്കാറുള്ളതെങ്കിലും ഇതിന്റെ ഗുണഫലം ഇവര്‍ക്ക് ലഭിക്കാറില്ല.