Categories

കെയിന്‍ മില്‍സ് ന്യൂസിലന്‍ഡ് നായകന്‍

kyle-mills

വെല്ലിംഗ്ടണ്‍: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ ഫാസ്റ്റ് ബൗളര്‍ കെയ്ല്‍ മില്‍സ് നയിക്കും. ഇതാദ്യമായാണ് കെയില്‍സ് ദേശീയ ടീമിന്റെ നായക സ്ഥാനത്ത് എത്തുന്നത്.

ശ്രീലങ്കന്‍ പര്യാടനത്തിനുള്ള ടീമിന്റെ ക്യാപ്റ്റനായി കെയ്ന്‍ വില്യംസണെയായിരുന്നു ദേശീയ സിലക്ടര്‍മാര്‍ നേരത്തെ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ബംഗ്ലാദേശ് പര്യാടനത്തിനിടെ വില്യംസണ് പരിക്കേറ്റത് തിരിച്ചടിയായി.

ഇതിനെ തുടര്‍ന്നാണ് പുതിയ ക്യാപറ്റനെ തിരഞ്ഞെടുക്കാന്‍ ടീമധികൃതര്‍ നിര്‍ബന്ധിതരായത്. ബംഗ്ലാദേശ് പര്യടനത്തിനിടെ വിരലിന് പരിക്കേറ്റ വില്യംസണ്‍ നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു.

ബ്രണ്ടന്‍ മക്കല്ലമാണ് ബംഗ്ലാദേശ് പര്യാടനത്തില്‍ ടീമിനെ നയിച്ചിരുന്നത്. എന്നാല്‍ മക്കല്ലവും മുന്‍ ക്യാപ്റ്റനും സീനിയര്‍ ബാറ്റ്‌സ്മാനുമായ റോസ് ടെയ്‌ലറും ശ്രീലങ്കന്‍ പര്യടനത്തിന് ഇല്ലായെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

വെസ്റ്റിന്‍ഡീസ്, ഇന്ത്യ ടീമുകള്‍ക്കെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ തയാറെടുപ്പ് നടത്താനാണ് ഇരുവരും മടങ്ങുന്നത്. ഇതിനെ തുടര്‍ന്നാണ് നേരത്തെ വില്ല്യംസണെ ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

വില്ല്യംസണും പരിക്കേറ്റ് നാട് പിടിച്ചതോടെ മില്‍സിന് രാജ്യത്തെ നയിക്കാനുള്ള അവസരമൊരുങ്ങുകയായിരുന്നു. മൂന്ന് ഏകദിനങ്ങളും രണ്ടു ട്വന്റി-20യുമാണ് ശ്രീലങ്കക്കെതിരായ പരമ്പരയിലുള്ളത്.

പരിക്കേറ്റ വില്യംസണ് പകരം റോബ് നിക്കോളിനെ ടീമിലുള്‍പെടുത്തിയിട്ടുണ്ട്.  പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ഇയാന്‍ ബട്‌ലറും ടീമിന് പുറത്താണ്. പകരം ആന്‍ഡ്രൂ എലിയാസാണ് ടീമിലിടം പിടിച്ചിരിക്കുന്നത്. നവംബര്‍ 10 മുതല്‍ 21 വരെയാണ് കിവീസിന്റെ ലങ്കന്‍ പര്യാടനം.