എഡിറ്റര്‍
എഡിറ്റര്‍
അടുത്ത അന്‍പത് വര്‍ഷത്തിനുള്ളില്‍ മില്‍ക്കിവേ സൂപ്പര്‍നോവ ഭൂമിയില്‍ നിന്ന് ദൃശ്യമാകും
എഡിറ്റര്‍
Saturday 2nd November 2013 9:25pm

super-nova

വാഷിങ്ടണ്‍: ബഹിരാകാശ തല്‍പരര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. അടുത്ത അന്‍പത് വര്‍ഷത്തിനിടയില്‍ ഒരു മില്‍ക്കിവേ സൂപ്പര്‍നോവ ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തെത്തും.

ഇതിനുള്ള സാധ്യത ഏറെക്കുറെ നൂറ് ശതമാനമാണെന്ന് ഒഹിയോ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. ലിസ്‌കോപ്പിലൂടെ നോക്കുമ്പോള്‍ ഇന്‍ഫ്രാറെഡ് റേഡിയേഷന്റെ രൂപത്തിലാണ് സൂപ്പര്‍നോവ ദൃശ്യമാകുക.

ഇന്ന് വരെ സംഭവിക്കാത്ത ഒത്ഭുതം സംഭവിക്കാന്‍ പോകുന്നു എന്ന് തന്നെയാണ് പഠനങ്ങള്‍ പറയുന്നത്. ഒരു നക്ഷത്രത്തിന്റെ മരണം മുതല്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് വ്യക്തമായി പഠിക്കുന്നതിനുള്ള അവസരമാണ് അടുത്തുവരുന്നത്.

രാത്രിസമയത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ ആകാശവിസ്മയം കാണാനുള്ള സാധ്യത ഇരുപത് ശതമാനമാണ്.

ഒരു നക്ഷത്രം അതിന്റെ എല്ലാ ആണവോര്‍ജവും ഉപയോഗിച്ചു തീരുന്ന നിമിഷം മുതലാണ് സൂപ്പര്‍നോവയായി മാറുന്നത്. ആദ്യം നക്ഷത്രത്തിന്റെ കേന്ദ്രം സങ്കോചിക്കും. തുടര്‍ന്ന് പൊട്ടിത്തെറിക്കുന്നു. നക്ഷത്രത്തിന്റെ മരണം അങ്ങനെയാണ്.

‘മറ്റ് ഗ്യാലക്‌സികളില്‍ ഒട്ടേറെ നക്ഷത്രങ്ങള്‍ സൂപ്പര്‍നോവയായി മാറുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതെങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നമുക്ക് അറിയാമെന്ന് ചിന്തിക്കുകയും പറയുകയും ചെയ്യുന്നു, എങ്കിലും അതൊന്നും നൂറ് ശതമാനവും ശരിയല്ല.’ ഒഹിയോ സര്‍വകലാശാലയില്‍ ജ്യോതിശാസ്ത്ര അധ്യാപകനായ ക്രിസ്റ്റഫര്‍ ചൂണ്ടിക്കാട്ടുന്നു.

‘ഇന്ന് സാങ്കേതികവിദ്യകള്‍ ഏറെ പുരോഗമിച്ചിരിക്കുന്നു. അതുകൊണ്ട് നമ്മുടെ ഗ്യാലക്‌സിയില്‍ അടുത്തതായി ജനിക്കുന്ന സൂപ്പര്‍നോവ ഏതെന്ന് കണ്ടുപിടിച്ച് അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സാധിക്കും’. ക്രിസ്റ്റഫര്‍ തുടരുന്നു.

സങ്കോചിച്ച് കൊണ്ടിരിക്കുന്ന നക്ഷത്രകേന്ദ്രത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന ന്യൂട്രിനോകള്‍ തിരിച്ചറിയാന്‍ തക്ക സൂക്ഷ്മമായ ഉപകരണങ്ങളും ഇന്ന് ജ്യോതിശാസ്ത്രജ്ഞരുടെ പക്കലുണ്ട്.

നക്ഷത്രത്തിന്റെ കേന്ദ്രത്തിലെ കമ്പനങ്ങള്‍ മൂലം സൃഷ്ടിക്കപ്പെടുന്ന ഗുരുത്വാകര്‍ഷണ തരംഗങ്ങളും എന്ന് തിരിച്ചറിയാന്‍ സാധിക്കും.അക്കാരണം കൊണ്ട് തന്നെ നമ്മുടെ ഗ്യാലക്‌സിയില്‍ സൃഷ്ടിക്കപ്പെടുന്ന ഏത് സൂപ്പര്‍നോവയും ഇന്ന് തിരിച്ചറിയാന്‍ സാധിക്കും.

‘നമ്മുടേതിന് പുറത്തെ ഗ്യാലക്‌സികളില്‍ സൂപ്പര്‍നോവകള്‍ സൃഷ്ടിക്കപ്പെടുന്നതിനെ കുറിച്ച് നേരത്തെ തന്നെ അറിയാം. എന്നാല്‍ നമ്മുടെ ഗ്യാലക്‌സിയില്‍ തന്നെ ഇത് സംഭവിക്കുന്നത് പൂര്‍ണമായും കൃത്യമായും നിരീക്ഷിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല.’ സ്‌കോട്ട് ആഡംസ് എന്ന ഗവേഷണ വിദ്യാര്‍ത്ഥി പറയുന്നു.

Advertisement