എഡിറ്റര്‍
എഡിറ്റര്‍
സിറിയയില്‍ സൈനിക ഇടപെടല്‍ നടത്തണം : ഹിലാരി ക്ലിന്റന്‍
എഡിറ്റര്‍
Friday 1st June 2012 11:35am

കോപന്‍ഹേഗന്‍ :സിറിയയില്‍ സൈനിക ഇടപെടല്‍ നടത്തണമെന്ന ലോകരാജ്യങ്ങളുടെ ആവശ്യം ശക്തമാകുകയാണെന്നും ഒന്നും ചെയ്യാതെ കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍. സിറിയയെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിടുന്നതാണ് റഷ്യന്‍ നിലപാടെന്നും അവര്‍ കുറ്റപ്പെടുത്തി.

സിറിയയിലെ പ്രശ്‌നം അവരുടെ കാര്യമാണെന്നും അമേരിക്കയുടെ സൈനിക മുന്നേറ്റത്തെ തടയുമെന്നും റഷ്യയും ചൈനയും നേരത്തെ വ്യക്തമാക്കിയിരുന്നു. സൈനിക ഇടപെടല്‍ ഉണ്ടായാല്‍ ആഭ്യന്തരയുദ്ധം ഭീകരമാകുമെന്നും ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സിറിയന്‍ വിഷയത്തില്‍ നിലപാട് മാറ്റില്ലെന്നുമാണ് റഷ്യന്‍ നിലപാട്.

ഇതിനിടെ സിറിയ ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് യു.എന്‍. മേധാവി ബാന്‍കിമൂണ്‍ മുന്നറിയിപ്പ് നല്‍കി. ലോകത്തിന്റെ മുഴുവന്‍ അപേക്ഷയും നിഷ്‌കരുണം തള്ളി നിരപരാധികളെ കൊന്നൊടുക്കുന്നത് നോക്കിനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യു. എന്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ ലംഘിക്കരുതെന്നും 48 മണിക്കൂറിനുള്ളില്‍ സൈന്യത്തെ തിരിച്ചുവിളിച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്നും സിറിയന്‍ വിമതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisement