ബാഗ്ദാദ്: ഇറാഖ് നഗരമായ തിക്രിത്തില്‍ ഒരു സംഘം ആയുധധാരികള്‍ ജയില്‍ ആക്രമിച്ച് ഇരുന്നൂറോളം തടവുകാരെ രക്ഷപ്പെടുത്തി. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സംഭവം.

Ads By Google

ജയിലിലെ സുരക്ഷാ ഗാര്‍ഡുകളും തടവുകാരും ഏറ്റുമുട്ടിയതായും സംഭവത്തില്‍ നാല് പോലീസുകാരും രണ്ട് തടവുകാരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ജയിലിന് മുന്നില്‍ സ്‌ഫോടനം നടത്തി ശേഷം സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്ത് അകത്ത് കടന്നാണ് തീവ്രവാദികള്‍ തടവുകാരെ മോചിപ്പിച്ചത്.

ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള നൂറുകണക്കിന് തടവുകാരെ പാര്‍പ്പിച്ചിരുന്ന ജയിലാണ് തീവ്രവാദികള്‍ ആക്രമിച്ചത്. എത്ര പേര്‍ രക്ഷപെട്ടുവെന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ വിവരമില്ല.

സുരക്ഷാ ഗാര്‍ഡുകളുടെ ആയുധങ്ങള്‍ പിടിച്ചെടുത്ത തടവുകാരും ഇസ്‌ലാമിസ്റ്റ് തീവ്രവാദികളും ജയിലിന്റെ നിയന്ത്രണം പിടിച്ചു. ജയിലിന്റെ പ്രവേശനകവാടം മുതല്‍ നിരീക്ഷണ ടവര്‍ വരെയുള്ള മേഖലകളുടെ നിയന്ത്രണം തീവ്രവാദികളുടെ കൈകളിലാണെന്ന് അധികൃതര്‍ അറിയിച്ചു.

തീവ്രവാദികളും സുരക്ഷാഭടന്മാരും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.  ജയില്‍ ആക്രമിച്ച് തടവുകാരെ മോചിപ്പിക്കുന്നത് ഇറാഖില്‍ അസാധാരണ സംഭവമല്ല.

കഴിഞ്ഞ സെപ്റ്റംബറില്‍ വടക്കന്‍ ഇറാഖിലെ മൊസൂളിലെ ഒരു ജയിലില്‍ നിന്നും 35 ഭീകരവാദികള്‍ മാലിന്യ പൈപ്പ് വഴി രക്ഷപ്പെട്ടിരുന്നു. ഭീകരവാദത്തിന് അറസ്റ്റിലായവരാണ് അന്ന് രക്ഷപ്പെട്ടത്.

അതേസമയം, കൂടുതല്‍ സുരക്ഷാസേന എത്തി ജയില്‍ വളഞ്ഞിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ബാഗ്ദാദില്‍ നിന്നു 160 കിലോമീറ്റര്‍ അകലെയാണ് സംഭവം. ജയിലിന്റെ ഒരു ഭാഗം അക്രമികള്‍ സ്‌ഫോടനത്തില്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. ഇതുവഴിയാണ് തടവുകാര്‍ രക്ഷപെട്ടത്.