കെയ്‌റോ: പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെതിരെയുള്ള പ്രക്ഷോഭം അടിച്ചമര്‍ത്തില്ലെന്ന് സൈന്യം. ജനങ്ങളുടെ ന്യായമായ അവകാശങ്ങളെ ബഹുമാനിക്കുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

പ്രക്ഷോഭകാരികളുടെ കരുത്ത് കാട്ടാന്‍ ഇന്നു പത്തുലക്ഷം പേരുടെ പ്രകടനം നടക്കാനിരിക്കെയാണ് സൈന്യം മുബാറക്കിനെ കൈവിടുന്നത്. ആഭ്യന്തര സുരക്ഷസൈന്യം ഏറ്റെടുത്ത സാഹചര്യത്തില്‍ സൈന്യത്തിന്റെ നിലപാട് വളരെ നിര്‍ണായകമാണ്. വെള്ളിയാഴ്ചയ്ക്കകം രാജ്യം വിടാന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനുള്ള മുന്നറിയിപ്പാണ് ഈ പ്രകടനം. ഈജിപ്ത്, അല്ലെങ്കില്‍ മുബാറക്ക് ഏതുവേണമെന്ന് തീരുമാനിക്കാന്‍ പ്രക്ഷോഭകാരികള്‍ സൈന്യത്തോടും ആവശ്യപ്പെട്ടിരിക്കുകയാണ്.

അതിനിടെ മുബാറക്കിന്റെ നിലപാടില്‍ അയവ് വരുന്നതായി സൂചന. എല്ലാ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചനടത്താന്‍ തയ്യറാണെന്നു മുബാറക് അറിയിച്ചതായി വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഹോസ്‌നി മുബാറക്ക് അടിയന്തര മന്ത്രിസഭാ പുനഃസംഘടന നിര്‍ദേശിച്ചെങ്കിലും പ്രക്ഷോഭകാരികള്‍ ഇതു മുഖവിലയ്‌ക്കെടുത്തില്ല. മുബാറക്കിന്റെ രാജിയില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്ന് അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്.