കളര്‍ ടെലിവിഷന്റെ പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അഞ്ചാം പതിപ്പില്‍ സെലിബ്രിറ്റി ജഡ്ജിയായ് മുന്‍ ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ മൈക്ക് ടൈസണെത്തുന്നു.

പ്രോഗാമില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ടൈസണും കളര്‍ ടിവി അധികൃതരും കരാറിലൊപ്പിട്ടുകഴിഞ്ഞു. ഇതോടെ ഒക്ടോബറില്‍ ആരംഭിക്കുന്ന ഷോയില്‍ പങ്കെടുക്കാനായി ടൈസണ്‍ ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി.

നാല്‍പത്തിലുകാരനായ മൈക്ക് ടൈസണ്‍ ബോക്‌സിംങ് കരിയറില്‍ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിവാദങ്ങള്‍ എപ്പോഴും ടൈസണെ വിടാതെ പിന്തുടര്‍ന്നു.

1997 ഇവാന്‍ഡര്‍ ഹോളിവുഡുമായുള്ള മത്സരത്തിനിടെ ടൈസണ്‍ ഹോളിവുഡിന്റെ ചെവി കടിച്ച് മുറിച്ചത് വലിയ ഒച്ചപ്പാടുകള്‍ക്കിടയാക്കിയിരുന്നു. ബോക്‌സിംങ് റിംങിലെ പെരുമാറ്റ ദൂഷ്യവും, ബലാത്സംഗ കേസുകളും, മയക്കുമരുന്നും കേസുകളും മൈക്ക് ടൈസണെ എന്നും വിവാദനായകനാക്കി.

1992ല്‍ ബലാത്സംഗക്കേസില്‍ പ്രതിയായി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. 2003 ല്‍ താന്‍ പാപ്പരാണെന്ന പ്രഖ്യാപിച്ച ടൈസണ്‍ 2006ല്‍ പ്രൊഫഷണല്‍ ബോക്‌സിംഗിനോട് വിട ചൊല്ലി. തുടര്‍ന്ന രണ്ട് ടി.വി ഷോകളിലും 2009ല്‍ കോമഡി സിനിമയായ ഹാങ് ഓവറിലും അഭിനയിച്ചിരുന്നു.

ടൈസണെക്കൂടാതെ മുന്‍ക്രിക്കറ്റ് താരം നവജോത് സിങ് സിദ്ദുവും ബോളിവുഡ് സ്വപ്‌നസുന്ദരി മാധുരി ദീക്ഷിതും മത്സരത്തില്‍ സെലബ്രിറ്റി ജഡ്ജായെത്തിയേക്കുമെന്ന് റിപ്പോര്‍്ട്ടുണ്ട്. ബോളിവുഡിലെ ബാഡ്‌ബോയ്‌സ്, സല്‍മാന്‍ ഖാനും സജ്ജയ് ദത്തുമാണ് ബിഗ് ബോസ് 5ന്റെ അവതാരകരായെത്തുന്നത്.

കഴിഞ്ഞ തവണ സല്‍മാനായിരുന്നു ഹോസ്റ്റ്. മൂന്നു മാസത്തോളം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഷോയിലെ വിജയിക്ക് ലഭിക്കുന്ന സമ്മാന തുക ഒരു കോടി രൂപയാണ്. ഏറെ വിവാദങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കിയ ബിഗ്‌ബോസ് സീസണ്‍ 4 ല്‍ പ്രശസ്ത ടി.വി താരം ശ്വേതാ തിവാരിയായിരുന്നു വിജയിയായത്.