ന്യൂദല്‍ഹി: ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളെയും കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗെയിംസ് ഫെഡറേഷന്‍ സുരേഷ് കല്‍മാഡിക്ക് 10 ദിവസത്തെ സമയം അനുവദിച്ചു. ഗെയിംസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് മൈക്ക് ഫെര്‍ണല്‍ അടുത്തയാഴിച്ച ഇന്ത്യയിലെത്തും.

ഗെയിംസിന്റെ ഒരുക്കങ്ങളെക്കുറിച്ച് സംശയമുണ്ടെന്ന് ഫെര്‍ണല്‍ അഭിപ്രായപ്പെട്ടു. സ്റ്റേഡിയം നിര്‍മ്മാണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇതുവരെയെടുത്ത കാര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കല്‍മാഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗെയിംസിന്റെ കരാറിലേര്‍പ്പെട്ട എല്ലാ ഏജന്‍സികളുടേയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഫെര്‍ണല്‍ കല്‍മാഡിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളെക്കുറിച്ച് ആവശ്യമെങ്കില്‍ സി ബി ഐ അന്വേഷണത്തിനും തയ്യാറാണെന്ന് കേന്ദ്ര നഗരവികസന മന്ത്രി ജയപാല്‍ റെഢി വ്യക്തമാക്കിയിട്ടുണ്ട്.