എഡിറ്റര്‍
എഡിറ്റര്‍
ഖത്തറില്‍ പ്രവാസി തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
എഡിറ്റര്‍
Wednesday 20th November 2013 12:10pm

qatar

ദോഹ:  2022 ലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ തയ്യാറെടുപ്പിനായി പ്രവാസി തൊഴിലാളികള്‍ ഖത്തറില്‍ പീഡിപ്പിക്കപ്പെടുന്നതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍.

തെക്കുകിഴക്ക് ഏഷ്യയില്‍ നിന്നുള്ള തൊഴിലാളികളാണ് ഏറ്റവും കൂടുതല്‍ ചൂഷണത്തിന് വിധേയരാകുന്നത്. നിര്‍ബന്ധിത തൊഴിലെടുപ്പിലൂടെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് പ്രവാസികള്‍ ഖത്തറില്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.

ഫുട്‌ബോള്‍ ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നതാണ് പ്രവാസികളെ ഖത്തറിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ് പലയിടങ്ങളിലും നടക്കുന്നതെന്ന് ആനംസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തറിലെ നിര്‍മാണ കമ്പനികളും മറ്റും പ്രവാസികള്‍ക്ക് സാമാന്യ മാനുഷിക പരിഗണന പോലും നിഷേധിക്കുകയാണ്. പുറത്ത് നിന്ന് നോക്കുമ്പോള്‍ മികച്ച തൊഴില്‍ സാഹചര്യവും വേതനവുമാണ് നല്‍കുന്നതെന്ന് തോന്നിക്കുമെങ്കിലും തൊഴില്‍ ചൂഷണമാണ് പലയിടങ്ങളിലും നടക്കുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ സലില്‍ ഷെട്ടി പറയുന്നു.

പ്രവാസി തൊഴിലാളികളേയും സ്വകാര്യ മേഖലയിലേയും പൊതു മേഖലയിലേയും ഉദ്യോഗസ്ഥരേയും നേരിട്ട് കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പലയിടങ്ങളിലും തൊഴിലാളികളെ മൃഗങ്ങള്‍ക്ക് തുല്യമായി പരിഗണിച്ചാണ് ജോലി ചെയ്യിപ്പിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് മിക്കവരും ജോലി ചെയ്യുന്നത്.

വലിയ സ്ഥാപനങ്ങളില്‍ നിന്നും കരാര്‍ നേടുന്ന ചെറുകിട സ്ഥാപനങ്ങളിലാണ് തൊഴില്‍ ചൂഷണം ഏറ്റവും കൂടുതല്‍ നടക്കുന്നത്. വേതനം നിഷേധിക്കുക, അപകടരമായ സാഹചര്യത്തില്‍ ജോലിയെടുപ്പിക്കുക, വൃത്തിഹീനമായ താമസസൗകര്യമേര്‍പ്പെടുത്തുക എന്നിങ്ങനെ കുറഞ്ഞ മാനുഷിക പരിഗണന പോലും പലയിടങ്ങളിലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല.

പലയിടങ്ങളിലും മാസങ്ങളായി തൊഴിലാളികള്‍ക്ക് അവധി പോലും നിഷേധിച്ചിരിക്കുകയാണ്. പലരും യാതൊരു നിവൃത്തിയുമില്ലാതെ ഖത്തറില്‍ നിര്‍ബന്ധിത ജോലിക്ക് വിധിക്കപ്പെട്ടിരിക്കുകയാണ്.

ഈ വര്‍ഷം മാത്രം ആയിരത്തിലധികം പേരാണ് വലിയ കെട്ടിടങ്ങളില്‍ നിന്നും വീണും മറ്റുമുള്ള പരിക്കുകളുമായി ദോഹയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പലരുടേയും നില അതീവ ഗുരുതരവുമായിരുന്നു.

പല കമ്പനികളും തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിരിക്കുകയാണ്. ഇതുവെച്ച് പിന്നീട് തൊഴിലാളികളെ ബ്ലാക് മെയില്‍ ചെയ്യുന്നവരും കുറവല്ല. വേതനം ലഭിച്ചെന്ന വ്യാജ രേഖയില്‍ കമ്പനി അധികൃതരുടെ ഭീഷണി മൂലം ഒപ്പ് വെക്കേണ്ടിവന്നവരെ കുറിച്ചും ആനംസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ തൊഴിലാളികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. വേതനം ലഭിക്കാത്തതും ബാധ്യത വര്‍ധിക്കുന്നതും പലരേയും ആത്മഹത്യയുടെ വക്കില്‍ വരെ എത്തിച്ചിരിക്കുകയാണ്.

Advertisement