ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി നൂറുകണക്കിന് ആളുകളെ കാണാതായി. 250 പേര്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയതെന്നും 33 പേരെ മാത്രമാണ് രക്ഷപ്പെടുത്താനായതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 217 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഒദ്യോഗിക വിശദീകരണം. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Subscribe Us:

ഇന്തോനേഷ്യയിലെ ജാവ ദ്വീപിന് സമീപമാണ് ബോട്ട് മുങ്ങിയത്. പശ്ചിമേഷ്യയില്‍ നിന്നുള്ളവരാണ് കൂടുതലും ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ കൂടുതലും തുര്‍ക്കി, ഇറാന്‍, സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ്. മതിയായ ഇമിഗ്രേഷന്‍ രേഖകളില്ലാതെ ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ഐലന്‍ഡിലേക്ക് പുറപ്പെട്ടവരായിരുന്നു ഇവര്‍.

തടി കൊണ്ട് നിര്‍മിച്ച നൂറ് പേര്‍ക്ക് മാത്രം കയറാവുന്ന ബോട്ടില്‍ കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഓസ്‌ട്രേലിയ ലക്ഷ്യമായാണ് ബോട്ട് നീങ്ങിയിരുന്നത്. മോശം കാലാവസ്ഥയും നാലു മീറ്ററിലധികം ഉയരത്തിലുള്ള തിരകളും മൂലം യാത്ര അപകടം നിറഞ്ഞതായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

Malayalam News
Kerala News in English