എഡിറ്റര്‍
എഡിറ്റര്‍
ഞങ്ങള്‍ക്ക് പഠിക്കാന്‍ പുസ്തകവും യൂണിഫോമും നല്‍കിയ നിങ്ങളെ കാണാന്‍ ആഗ്രഹമുണ്ട്; മുഖ്യമന്ത്രിക്ക് മലയാളത്തില്‍ കത്തെഴുതി ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍
എഡിറ്റര്‍
Friday 13th October 2017 11:24am


പെരുമ്പാവൂര്‍: തങ്ങള്‍ക്ക് പഠനസൗകര്യം ഒരുക്കിനല്‍കിയ കേരള മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും നേരില്‍കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മലമുറി നിര്‍മല യു.പി സ്‌കൂളിലെ ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍. പിണറായിക്കും സി. രവീന്ദ്രനാഥിനും എഴുതിയ കത്തിലാണ് രായമംഗലം പഞ്ചായത്തിലെ മലമുറി നിര്‍മല യു.പി സ്‌കൂളിലെ ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.


Also Read: മോദി സന്ദര്‍ശനം നടത്തുന്നത് കൊണ്ടാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതെന്ന്: മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറൈശി


സ്‌കൂളിലെ മൂന്ന്, നാലു ക്ലാസ്സുകളില്‍ പഠിക്കുന്ന ഈ വിദ്യാര്‍ത്ഥികള്‍ മലയാളത്തിലാണ് കത്തെഴുതിയിരിക്കുന്നത്. ‘പഠിക്കാന്‍ പുസ്തകവും സൗജന്യ യൂണിഫോമും ഉച്ചഭക്ഷണവും യാത്രചെലവും നല്‍കി വിജ്ഞാനവെളിച്ചം പകര്‍ന്ന ഈ നാടിനും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളെ ഇരുവരെയും നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്’ എന്നാണ് കുട്ടികളുടെ കത്തില്‍ പറയുന്നത്.

പഠനപ്രക്രിയ എളുപ്പമാക്കാന്‍ പല വിദ്യാലയങ്ങളിലും ഇതരഭാഷാ അധ്യാപകരേയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. പ്രതിമാസം 7000 രൂപ ഓണറേറിയം നല്‍കിയാണ് എസ്.എസ്.എ ഇവര്‍ക്കായി എഡ്യുക്കേഷണല്‍ വളണ്ടിയര്‍മാരെ നിയമിച്ചിട്ടുള്ളത്. ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുടെ ഓരോ കുട്ടികള്‍ക്കും യാത്രാച്ചെലവിനത്തില്‍ പ്രതിമാസം 300 രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

വിദ്യാര്‍ത്ഥികളുടെ കലാവാസനകള്‍ പ്രകടിപ്പിക്കാന്‍ രംഗോലി എന്ന കലോത്സവവും ബി.ആര്‍.സികള്‍ വഴി നടത്തിവരുന്നുണ്ട്. കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന വ്യാജവാര്‍ത്ത പ്രചരിക്കുന്നവേളയിലാണ് സര്‍ക്കാര്‍ തങ്ങള്‍ക്കായി ചെയ്യുന്ന വിവിധ പദ്ധതികള്‍ക്ക് നന്ദിയര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ കത്തെഴുതുന്നത്.


Dont Miss: രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചു; ക്രൂര മര്‍ദ്ദനം ‘ജയ് ശ്രീറാം’ വിളികളോടെ


ഇരുപത്തഞ്ചോളം വിദ്യാര്‍ഥികളാണ് മന്ത്രിമാര്‍ക്ക് കത്തെഴുതിയിട്ടുള്ളത്. മലമുറി നിര്‍മല സ്‌കൂളില്‍ ഒഡീഷ, ബിഹാര്‍, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 75 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. രായമംഗലം പഞ്ചായത്തിലെ പ്ലൈവുഡ് കമ്പനികളിലും മറ്റു സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന തൊഴിലാളികളുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാനത്തൊഴിലാളികളുള്ള പെരുമ്പാവൂരില്‍ വിവിധ വിദ്യാലയങ്ങളിലായി നിരവധി ഇതര സംസ്ഥാന വിദ്യാര്‍ഥികളാണ് പഠനംനടത്തുന്നത്.


You Must Read This:  ‘കേരളത്തെ ഞങ്ങള്‍ക്കറിയാം ഈ നാടിനെയറിയുന്നവരാരും തിരിച്ച് പോയിട്ടില്ല’; കേരളത്തിലെ ഇതര-സംസ്ഥാന തൊഴിലാളികള്‍ സംസാരിക്കുന്നു


Advertisement