കായംകുളം: കായകുളം മുരിക്കുംമൂട്ടില്‍ അന്യ സംസ്ഥാന തൊഴിലാളികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 25 ബംഗാള്‍ തൊഴിലാളികള്‍ക്കു പരുക്കേറ്റു. അഞ്ചു തൊഴിലാളികളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളോടെ ഏതാനും പേരെ കായംകുളത്തെ താലൂക്ക് ആസ്പത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഘര്‍ഷമുണ്ടായത്. മൊബൈല്‍ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ട തര്‍ക്കം ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. റേഷന്‍കടയുടമയായ സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ ആണു മോഷണം പോയത്. ഫോണിലേക്കു വിളിച്ചു നോക്കിയപ്പാള്‍ ഹിന്ദി സംസാരിക്കുന്ന ആളാണു ഫോണ്‍ എടുത്തത്. ഫോണ്‍ മോഷണം പോയ സമയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ ചിലര്‍ കടയിലെത്തിയിരുന്നു. തുടര്‍ന്ന് ഫോണ്‍ അന്വേഷിച്ച് റേഷന്‍ കടയുടമ തൊഴിലാളികള്‍ താമസിക്കുന്നിടത്തെത്തി. ഇവര്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം നാട്ടുകാര്‍ ഏറ്റെടുക്കുകയായിരുന്നു.

സംഭവത്തില്‍ 100 ഓളം നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.