സല്‍മാന്‍ റുഷ്ദിയുടെ വിഖ്യാത നോവല്‍ ‘മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രണ്‍’ ആധാരമാക്കിയൊരുക്കുന്ന ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യില്ലെന്ന് സംവിധായകന്‍. രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബറിലോ നവംബറിലോ ആണ് ചിത്രം തിയേറ്ററുകളിലെത്തുക. എന്നാല്‍ ഇതുവരെ പറ്റിയ വിതരണക്കാരെ കണ്ടെത്താനായിട്ടില്ല. നേരത്തെ കാനഡയിലെ ടൊറന്റോ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Ads By Google

ദീപ മേഹ്തയാണ് മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രണ്‍ സംവിധാനം ചെയ്തത്. “ഇന്ത്യയ്ക്കുള്ള പ്രണയലേഖനം എന്നാണ് ഈ ചിത്രത്തെ സല്‍മാന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ആ സ്‌നേഹമാണ് ഈ ചിത്രത്തില്‍ പ്രതിഫലിക്കുന്നത്” ദീപ മെഹ്ത പറഞ്ഞു.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ശക്തമായി വിമര്‍ശിക്കുന്നുണ്ട് മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രണില്‍. 1988ല്‍ പുറത്തിറങ്ങിയ റുഷ്ദിയുടെ സാത്താനിക് വേര്‍സസ് എന്ന പുസ്തകവും ഇന്ത്യയില്‍ നിരോധിച്ചിരുന്നു. മുസ്‌ലീംകളെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ് സാത്താനിക് വേര്‍സസ് നിരോധിച്ചത്.