മുംബൈ: മുംബൈയിലെ മിഡ്-ഡേ പത്രം ജേണലിസ്റ്റ് താരാകാന്ത് ദ്വിവേദിയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി സൗത്ത് ഏഷ്യ മീഡിയാ കമ്മീഷന്‍ രംഗത്തെത്തി. നവംബര്‍ 26 ലെ ആക്രമണത്തിനുശേഷം റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ ആയുധശേഖരത്തില്‍ അനധികൃതമായി ആയുധം സൂക്ഷിച്ചത് പുറത്തുകൊണ്ടുവന്നതിനാണ് അകേലയെന്ന താരാകാന്ത് ദ്വിവേദി അറസ്റ്റു ചെയ്യപ്പെടുന്നത്. അകേലയുടെ ഈ ദൗത്യത്തെ രാജ്യത്തെ സംരക്ഷിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ ഭാഗമായി മാത്രമെ കാണാന്‍ പാടുള്ളു എന്ന് കമ്മീഷന്റെ പ്രസ്താവനയില്‍ പത്രപ്രവര്‍ത്തകരായ കുമാര്‍ കെത്കാര്‍, കെ.കെ കത്യാല്‍ എന്നിവര്‍ വ്യക്തമാക്കി.

ഔദ്യോഗിക രഹസ്യനിയമത്തിന്റെ വകുപ്പുകളുപയോഗിച്ചാണ് അകേലയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അകേലയെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മുംബൈ എന്ന മറ്റൊരു ടാബ്ലോയ്ഡില്‍ പ്രവര്‍ത്തിക്കവേയാണ് അകേല ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.