ന്യൂദല്‍ഹി: ചൈനീസ് ഹാക്കിംഗ് ടീമായ ഈവിള്‍ ഷാഡോ ടീമിലെ ഒരു സംഘം മൈക്രോസോഫ്ടിന്റെ ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ തകര്‍ത്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. www.microsoftstore.co.in എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇതില്‍ നിന്നും ഉപഭോക്താക്കളുടെ ലോഗിന്‍ ഐ.ഡിയും പാസ്‌വേഡും ഹാക്കര്‍മാര്‍ മോഷ്ടിച്ചിട്ടുണ്ട്.

മൈക്രോസോഫ്ട് ഉല്‍പ്പന്നങ്ങളെക്കുറിച്ച് അറിയാനും അവ വാങ്ങാനുമായി ആളുകള്‍ വെബ്‌സൈറ്റില്‍ കയറാന്‍ ഉപയോഗിക്കുന്ന ലോഗിന്‍ ഐ.ഡികളും പാസ്‌വേഡുകളുമാണ് മോഷ്ടിക്കപ്പെട്ടത്. ‘സുരക്ഷിതമല്ലാത്ത സിസ്റ്റം സ്‌നാനപ്പെടുത്തും’ എന്നര്‍ത്ഥം വരുന്ന unsafes ystem will be baptized എന്ന ഒരു പോസ്റ്റര്‍ വെബ്‌സൈറ്റില്‍ പതിക്കുകയും ചെയ്താണ് ഹാക്കര്‍മാര്‍ സൈറ്റ് വിട്ടിരിക്കുന്നത്.

ഹാക്ക് ചെയ്യപ്പെട്ടത് അറിഞ്ഞയുടന്‍ മൈക്രോസോഫ്ട് ഈ വെബ്‌സൈറ്റിനെ തല്‍ക്കാലത്തേക്ക് ഓഫ് ലൈനിലേക്ക് മാറ്റി. പ്രശ്‌നം പരിഹരിച്ച ശേഷം സൈറ്റ് ഓണ്‍ലൈനില്‍ വരുമെന്നാണ് അറിയുന്നത്.

ലോകത്തെ ഏറ്റവും വലിയ ഐ.ടി കമ്പനികളിലൊന്നായ മൈക്രോസോഫ്ടിന്റെ വെബ്‌സൈറ്റ് തകര്‍ക്കപ്പെട്ട വാര്‍ത്ത ഓണ്‍ലൈന്‍ കസ്റ്റമേഴ്‌സിനെ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ ഉപഭോക്താക്കള്‍ യൂസര്‍ ഐ.ഡിയും പാസ്‌വേഡും എത്രയും വേഗം മാറ്റണമെന്ന് കമ്പനി അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Malayalam News

Kerala News In English