microsoft to buy skype, online telephone company

പാരിസ്: ഇന്റര്‍നെറ്റ് ടെലിഫോണ്‍ കമ്പനിയായ സ്‌കൈപ്പിനെ സ്വന്തമാക്കാന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ മൈക്രോസോഫ്റ്റ് രംഗത്തെത്തി. ഭീമമായ തുകയ്ക്ക് കച്ചവടം ഉറപ്പിക്കാനുള്ള നീക്കം അന്തിമഘട്ടത്തിലെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രണ്ടുകമ്പനിയുടേയും പ്രതിനിധികള്‍ തമ്മില്‍ തുടങ്ങിയ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച്ചയോടെ അന്തിമപ്രഖ്യാപനം ഉണ്ടാകുമെന്നാണ് മൈക്രോസോഫ്റ്റുമായി അടുത്തബന്ധമുള്ള ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. എന്നാല്‍ എത്ര തുകയ്ക്കാണ് കച്ചവടമെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഏതാണ്ട് 8.5 ബില്യണ്‍ ഡോളറിന്റേതായിരിക്കും ഏറ്റെടുക്കലെന്നാണ് സൂചന. ഇന്റര്‍നെറ്റ്-ഓണ്‍ലൈന്‍ രംഗത്ത് ആഴത്തില്‍ വേരോട്ടമുണ്ടാക്കാനുള്ള നീക്കമാണ് മൈക്രോസോഫ്റ്റിന്റേതെന്ന് വിദഗ്ധര്‍ പറയുന്നു. 2007ല്‍ ആറ് ബില്യണ്‍ ഡോളറിന് ഇന്റര്‍നെറ്റ് പരസ്യകമ്പനിയായ അക്വാന്റിവിനെ വാങ്ങിയതായിരുന്നു മൈക്രോസോഫ്റ്റിന്റെ ഇതിനുമുമ്പത്തെ നീക്കം.

ഇന്റെര്‍നെറ്റ് ടെലിഫോണ്‍ കമ്പനിയായ സ്‌കൈപ്പ് കടുത്ത സാമ്പത്തികബൂദ്ധിമുട്ടിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം കമ്പനിക്ക് 7 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായിരുന്നു. ഓരോ മാസവും മ145 മില്യണ്‍ ആളുകളാണ് ലോകമെമ്പാടും സ്‌കൈപ്പ് ഉപയോഗിക്കുന്നത് എന്നാണ് കണക്ക്.