സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോസോഫ്റ്റ് സെര്‍ച്ച് എന്‍ജിനായ ബിംഗ് ഇനി മുതല്‍ ആപ്പിള്‍ ഐ പാഡിലും ലഭ്യമാകും. ഐ പാഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടറില്‍ ബിംഗ് ലഭ്യമാക്കാനാവശ്യമായ സംവിധാനമാണ് മൈക്രോസോഫ്റ്റ് വികസിപ്പിച്ചിട്ടുള്ളത്.

ആപ്പിളിന്റെ ഓണ്‍ലൈന്‍ ആപ്‌സ് സ്റ്റോറില്‍ സംവിധാനം ലഭ്യമാകും. ടാബ്‌ലറ്റ് ഉപയോക്താക്കള്‍ക്ക് വിരല്‍ സ്പര്‍ശത്തിലൂടെ സെര്‍ച്ച് എന്‍ജിന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതോടെ നിറവേറിയത്. സെര്‍ച്ചുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാനും അനായാസമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കമെന്ന് ബിംഗ് ടീം പറഞ്ഞു.

സെര്‍ച്ചിംഗ് രംഗത്തെ അതികായരായ ഗൂഗിളിനെ ഏന്തുവിലകൊടുത്തും തളയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം. സെര്‍ച്ചിന്റെ കാര്യത്തില്‍ ഗൂഗിള്‍ തന്നിഷ്ടം കാണിക്കുന്നുവെന്നാരോപിച്ച് മൈക്രോസോഫ്റ്റ് ഈയിടെ യൂറോപ്യന്‍ യൂണിയന് പരാതി നല്‍കിയിരുന്നു.