ഏ.കെ രമേശ്

ഉണ്ണിയുടെ  ഊര കണ്ടാലറിയാം ഇല്ലത്തെ പഞ്ഞം എന്നാണല്ലോ ചൊല്ല് . “കമ്മളുടെ നില്‍പ്പ് കണ്ടാലറിയാം ഉള്ളിയില്‍ കാര്യം നിര്‍വ്വഹിക്കാനാണ് ” എന്ന വേറൊരു കീഴാള വചനവുമുണ്ട്. ലോകത്തെ പരമനിസ്വരായ ദരിദ്രര്‍ക്ക് വായ്പ കിട്ടും എന്ന് ഉറപ്പു വരുത്താനായി ഒരു ഉച്ചകോടി ചേരുന്നു എന്ന് കേട്ടപ്പോള്‍ ഈ രണ്ടു ചൊല്ലും കേട്ടിട്ടില്ലാത്തവര്‍ക്കും ഏറെയൊന്നും ആലോചി ക്കേണ്ടി വന്നില്ല, അത് തട്ടിപ്പായിരിക്കും എന്ന് ബോദ്ധ്യപ്പെടാന്‍.

ഹില്ലാരി ക്ളിന്റണും, സോഫിയാ റാണിയും മൊണ്‍സാന്റോ കമ്പനിത്തലവനും ചേര്‍ന്നാണ് അങ്ങനെയൊരു ഉച്ചകോടി വിളിച്ചു ചേര്‍ത്തത് .മൊണ്‍സാന്റോ എന്നാല്‍ അന്തകവിത്തിന്റെ ഉപജ്ഞാതാവായ കുത്തകക്കമ്പനി തന്നെ. അതിന്റെ തലവനും ഹിലാരി ക്ളിന്റണുമൊക്കെ പാവങ്ങളെക്കൊണ്ട് വായ്പയെടുപ്പിക്കാന്‍ കാട്ടുന്ന തിടുക്കത്തിനു പിന്നില്‍ മറ്റെന്തെല്ലാമോ  ദുഷ്ടലാക്കുണ്ടാവും എന്ന് തരിച്ചറിയാന്‍  ഏറെ വിശേഷ ബുദ്ധിയൊന്നും വേണ്ടല്ലോ.
പുല്‍മേടൊരുക്കുന്ന ചെന്നായ്ക്കള്‍

ആട്ടിന്‍കുട്ടികള്‍ക്കായി ചെന്നായ്ക്കള്‍ പുല്‍മേടൊരുക്കുകയാണ് എന്ന സത്യം അന്നു പലരും തിരിച്ചറിഞ്ഞില്ല. ബംഗ്ളാദേശ് ഗ്രാമീണ ബാങ്കിന്റെ സ്ഥാപനകനായ മൂഹമ്മദ് യൂനുസിന്റെ ബുദ്ധിയില്‍ ഉദിച്ച ഒരു നല്ല ആശയം പ്രവര്‍ത്തികമാവുകയാണുണ്ടായത്  എന്ന് കരുതിയവര്‍  കുറവല്ല. ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജനം നടത്താന്‍ യൂനുസിന്റെ പരിശ്രമങ്ങള്‍ക്ക് കഴിയും എന്നുവരെ നമ്മുടെ അക്കാദമിക്ക്  ബുദ്ധി ജീവികളില്‍ ചിലര്‍ എഴുതിപ്പിടിപ്പിച്ചു കളഞ്ഞു.

മുലാളിത്തത്തിന്റെ കൂടപ്പിറപ്പാണ് ദാരിദ്യ വല്‍ക്കരണം  എന്ന കാര്യം അത്തരം മഹാബുദ്ധികള്‍ ഓര്‍ത്തതേയില്ല. പക്ഷേ മുഖ്യധാരാ ബാങ്കിങ്ങില്‍  നിന്ന് അതി ദരിദ്രരെയും ദരിദ്രരെയും മാത്രമല്ല , ഇടത്തര ക്കാരെപ്പോലും ആട്ടിയകറ്റുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുക എന്ന് കാര്യബോധമുള്ളവര്‍ അന്നേ പറഞ്ഞതാണ്.

മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങളെക്കുറിച്ച് ആന്ധയില്‍ നിന്നു വരുന്ന വാര്‍ത്തകള്‍  കൂടി ചേര്‍ത്തു വായിച്ചാല്‍  സംഗതി എളുപ്പം  പിടികിട്ടും. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പ സംഘടിപ്പിച്ച് പരമ ദരിദ്രരായ മുഷ്യരില്‍ നിന്ന് കൊള്ള പലിശ ഈടാക്കുക മാത്രമല്ല , തിരച്ചടവ് മുടക്കുന്നവരെ ഗുണ്ടകളെ വിട്ട് കൈകാര്യം ചെയ്യുക എന്നത് നിത്യസംഭവമായിരുന്നു. ഭയന്ന് വിറച്ച് ആത്മഹത്യ ചെയതവരെക്കുറിച്ചുള്ള കഥകള്‍ പുറത്ത് വന്നതോടെ ലഘുവായ്പാ സംവിധാനത്തിന്റെ പേരില്‍ നടക്കുന്ന വന്‍ തട്ടിപ്പിനെക്കുറിച്ചും ലോകം അറിഞ്ഞു തുടങ്ങി.
പാവപ്പെട്ടവരുടെ വായ്പാ ആവശ്യം നിറവേറ്റപ്പെടാത്തതെന്ത് എന്ന ചോദ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് യൂനുസ് ഉന്നയിച്ചു എന്നത് നേരാണ്. ബെയ്ജിങ്ങില്‍ നടന്ന ലോക വനിതാ സമ്മേള നത്തിന്റെ വേദിയായിരുന്നു  അത്. ഇത്രയേറെ  ദാതാക്കളും ഫണ്ടിംഗ് ഏജന്‍സികളും ഉണ്ടായിട്ടും എന്തുകൊണ്ട് ലോകത്തെ പരമനിസ്വര്‍ ഇന്നും വായ്പ കിട്ടാതെ കഷ്ടപ്പെടുന്നു എന്നായിരുന്നു യൂനുസിന്റെ ചോദ്യം.

അതേതുടര്‍ന്നാണ് ഇക്കാര്യത്തില്‍ ലോകബാങ്കടക്കം തലപുണ്ണാക്കാന്‍ തുടങ്ങിയത്. ലോകബാങ്കിന്റെ  അനുബന്ധ സംവിധാനമായ പാവപ്പെട്ടവര്‍ക്കുള്ള സഹായ ത്തിനായുള്ള കൂടിയാലോചനാ സമിതി (consultative group for assistance to the poor)  ഏറെ  ഗവേഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം ഒരു കാര്യം കണ്ടെത്തി: “വായ്പ കിട്ടലാണ് പ്രശ്നം, പലിശയല്ല”. ലോകത്താകെയുള്ള നിസ്വര്‍ക്ക് വായ്പ കിട്ടാതാവുന്നതിനുള്ള  പ്രധാന കാരണമെന്താണ് ?

സമിതിക്ക് ഒട്ടു സംശയമില്ല .പലരാജ്യങ്ങളിലും നിലവിലുള്ള അധിക പലിശ നിയന്ത്രണ നിയമങ്ങള്‍ തന്നെ .ആകയാല്‍ വായ്പ സുലഭമാക്കാനുള്ള എളുപ്പവഴി  ഹുണ്ടികക്കാര്‍  വാങ്ങുന്ന പലിശക്കുള്ള നിയന്ത്രണങ്ങളാകെ എടുത്തു കളയുക തന്നെ.  പലിശ ചന്തയ്ക്ക് വിട്ടു കൊടുക്കുക എന്ന് മലയാളം.

പരമനിസ്വനും കടം

2001 ആവുന്നതോടെ ദരിദ്രരില്‍ ദരിത്രരായ പരമനിസ്വര്‍ക്ക് മുഴുവന്‍ വായ്പ ഉറപ്പാക്കത്ത ക്കവിധം ലോകത്താകെ പരിശ്രമങ്ങള്‍ നടത്താന്‍ വേണ്ടിയുള്ള സംവിധാനങ്ങള്‍ രൂപം കൊണ്ടു. കൌണ്ട് ഡൌണ്‍ 2001 എന്ന് പേരില്‍ ഒരു ബുള്ളറ്റിനും ഇതിന്റെ പേരില്‍  പുറത്തിറങ്ങി. – ലോക ത്താകെയുള്ള ചെറുവായ്പാ  സംവിധാനങ്ങള്‍ ലക്ഷ്യത്തോടടുക്കുന്നോ എന്ന അവലോകനം ചെയ്യുന്ന ഒരു പ്രസിദ്ധീകരണം .

ലഘുവായ്പ പ്രോത്സാഹിപ്പിക്കാന്‍ കൈയ്യയച്ചുള്ള സഹായമാണ്  ലോകബാങ്ക് നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ മുന്നോട്ടവെച്ച ഒരു നിര്‍ദ്ദേശം ഇത്തരമൊരു ഉച്ചകോടിയിലൂടെ പ്രവാര്‍ത്തികമാക്കുന്നതിലെ  സംതൃപ്തിയായിരുന്നു ലോകബാങ്കിന്റെ നടപടി കളില്‍ നിഴലിച്ചത്. 1991 ലെ ലോക വികസന രേഖയില്‍ പറഞ്ഞ ഒരു സംസ്കൃതത്തിന്റെ പരാവര്‍ത്തനമാണ് ഇതുവഴി നടന്നത്. അനൌപചാരിക വായ്പാ സംവിധാനത്തെ ശക്തിപ്പെടുത്തുക (activate the informal  sector) എന്നായിരുന്നു നിര്‍ദ്ദേശം. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ബ്ളെയ്ഡ് കമ്പനികളെ ശക്തിപ്പെടുത്തുക , അവനോക്കിക്കൊള്ളും സാധാരണക്കാരുടെ വായ്പാ ആവശ്യം  എന്നു തന്നെ.

ആരു നോക്കുന്നു പലിശ നിരക്ക്?

വായ്പ കിട്ടുക എന്നതാണ് പ്രധാനം ,പലിശ കുറയ്ക്കലല്ല എന്ന ആശയത്തിന്റെ പ്രായോഗിക രൂപമാണ് സ്വയം സഹായ സംഘങ്ങള്‍ വഴിയും മറ്റും ലോകത്താകെ നല്‍കിപ്പോന്ന വായ്പകള്‍ . ബ്ളെയ്ഡ് കമ്പനികള്‍ എന്നറിയപ്പെടുന്ന ഹുണ്ടികക്കാര്‍ ഈടാക്കുന്നതിലും  കുറവാണല്ലോ ഇവിടെ പലിശനിരക്ക് എന്നു പറഞ്ഞായിരുന്നു സമാധാനിച്ചത്. ഹുണ്ടികക്കാരുടെ ദയാ ദാക്ഷിണ്യത്തില്‍ കഴിയേണ്ടി വന്നിരുന്ന നിസ്സ്വര്‍ക്കായി അവരുടെ തന്നെ ഉടമസഥതയും പങ്കാളിത്തത്തിലുള്ള സ്വാശ്രയ സംഘങ്ങള്‍ ! കൊള്ളപ്പലിശ സ്ഥാപനവല്‍ക്കരിക്കപ്പെടുകയും അതിന്റെ തത്വശാസ്ത്രം  ജനമന സ്സുകളില്‍ ആന്തരികവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നതോടെ ഹുണ്ടിക ഇടപാടുകല്‍ക്ക് തന്നെ പുതിയൊരു  പവിത്ര മുഖം ഉളവാക്കുകയായിരുന്നു .

ഒരുദാഹരണം മാത്രം .മെക്സിക്കോയിലെ ബാങ്കോ കംപാര്‍തമോസ് (compartomos)  ഒരു സര്‍ക്കാര്‍ ഇതര സ്ഥാപനമായാണ് 1990 ല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. വളരെ ചുരുങ്ങിയ  പലിശ നിരക്ക് ഈടാക്കുന്നതിന്റെ പേരില്‍ കൈയ്യടി നേടിയതാണ്  ഈ ലഘുവായ്പാ സ്ഥാപനം. നേരാണ് , പലിശ ഹുണ്ടികക്കാരുടേതിലും എത്രയോ കുറവാണ് .പക്ഷേ ഈടാക്കുന്ന പലിശയാകട്ടെ 86 ശതമാനവും.

മുഖ്യധാരാ ബാങ്കുകളില്‍ നിന്ന് വായ്പ കിട്ടാതായി തുടങ്ങിയതോടെ ലഘുവായ്പാ സംവിധാനത്തിന് പ്രചാരം വളരെയേറി .ഹുണ്ടികക്കാരന്റെ അമിത പലിശക്കും ബാങ്കിന്റെ സൌജന്യ നിരക്കിനും നടുക്കുള്ള ഒരു പലിശ നിരക്ക് പാവങ്ങള്‍ക്ക് ഒരു സമാശ്വാസമായി  അനുഭവപ്പെട്ടു. ലാഭത്തിന്റെ തത്വശാസ്ത്രം പ്രചരിപ്പിക്കുന്നവര്‍ക്ക് അത് ഒരു എളുപ്പവഴിയായി മാറിത്തീരുകയും ചെയ്തു.

ചെറുതല്ല ചെറുവായ്പ
ലോകബാങ്കിന്റെ  സൌജന്യങ്ങളും  സഹായങ്ങളും ഒട്ടനവധി  സര്‍ക്കാര്‍ ഇതര വളണ്ടറി സംഘടന വഴി ഒഴുകിയെത്തിയതോടെ സാമുദായിക സംഘടനകളും വര്‍ഗ്ഗീയ ശക്തികളുമൊക്കെ ഈ മേഖലയില്‍ പിടി മുറുക്കി. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ തന്നെ ഇതൊരു നല്ല കറവപ്പശു വാണെന്ന് തിരിച്ചറിഞ്ഞു.  യൂനിലിവര്‍ പോലുള്ള  ബഹുരാഷ്ട്ര കുത്തകകളും ഈ സ്വാശ്രയ സംഘ ങ്ങളെ  തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ മത്സരിച്ചു.

ഐ.സി.ഐ.സി.ബാങ്ക് പോലുള്ള  വന്‍കിട ധനകാര്യസ്ഥാപനങ്ങള്‍  തങ്ങളുടെ ലാഭവര്‍ദ്ധനവിനായി ഈ പാവങ്ങളുടെ പിച്ചച്ചട്ടിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിപ്പോന്നു. ഇത് ഇന്ത്യയിലെ മാത്രം അനുഭവമല്ല . ബൊളീവിയയിലെ  പ്രൊദെം   (prodem)  എന്ന ചെറുകിട വായ്പാ  സ്ഥാപനങ്ങളെ ബാങ്കെസോള്‍ വിഴുങ്ങിയതും ഒരുത്തമദൃഷ്ടാന്തം.

പാവങ്ങളോടുള്ള ദയാവായ്പ്

ലഘുവായ്പാ പദ്ധതി എന്നത് ആകര്‍ഷകമായ ഒരു മേച്ചില്‍പുറമായി മാറിയതോടെ വന്‍കിട സ്ഥാപനങ്ങളും സംഘങ്ങളും രംഗം കൈയ്യടക്കുന്ന  കാഴ്ചയാണ് ലോകമെങ്ങും. പാവങ്ങളോടുള്ള ദയാവായ്പല്ല , കൊള്ളലാഭം  ഈടാക്കാനുള്ള മൂലധന താല്‍പര്യമാണ് മറനീക്കി പുറത്തു വരുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു പോരുന്ന പേരുകേട്ട ലഘുവായ്പാ  സ്ഥാപനങ്ങളെപ്പറ്റി പഠനം നടത്തിയ എം.എസ്.ശ്രീരാം വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന ചില വിവരങ്ങളുണ്ട്.

പരമനിസ്വര്‍ക്കായുള്ള വായ്പാ സംവിധാനങ്ങളുടെ യഥാര്‍ത്ഥ മുഖം വെളിവാക്കുന്ന വിവരങ്ങളാണ്  ശ്രീറാമിന്റെ  പഠനം പുറത്തു കൊണ്ടു വന്നത്. ആഗോള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ലഘുവായ്പാ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ചലനങ്ങള്‍ മനസ്സിലാക്കാന്‍  ആ പഠനം ഉതകും.

ഇന്ത്യയില്‍ ലഘുവായ്പാ മേഖലയിലെ പേരുകേട്ട 4 സ്ഥാപനങ്ങളെ ശ്രീറാം പഠന വിഷയ മാക്കുന്നുണ്ട്. ഷെയര്‍ മൈക്രോഫിന്‍ ലിമിറ്റഡ്  , അസ്മിത മൈക്രോഫിന്‍  ലിമിറ്റഡ് , സ്പന്ദന സ്പൂര്‍ത്തി ഫൈനാന്‍ഷ്യല്‍ , എസ്.കെ.എസ് മൈക്രോഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുടെ  പ്രവര്‍ത്തനങ്ങളാണ് സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയത്. ലാഭേതര   (  non profit)പ്രവര്‍ത്ത നങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എങ്ങനെ  ലാഭ മാത്ര പ്രചോദിതമായി മാറിത്തീരുന്നുവെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്.

സമ്പന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലാണ് പലസ്ഥാപനങ്ങളും , ഷെയര്‍ മൈക്രോഫിനും അസ്മിതയും നടത്തുന്നത് ഒരേ കുടുംബമാണ് . അസ്മിതയുടെ മാനേജിങ്ങ് ഡയറക്ടര്‍ ആയ മഹിളാ രത്നത്തിന് 2006 – 2007 ല്‍ കിട്ടിയ ശമ്പളം വെറും 34 ലക്ഷം. 2007 – 2008 ല്‍ 60 ലക്ഷം.  2008 – 09  ലാണ് ഇത് 3.5 കോടിയാവുന്നത്.  2003 – 2004 ല്‍ കമ്പനിയുടെ ഓഹരി നിക്ഷേപം 2 കോടി മാത്രമായിരുന്നു എന്നതു കൂടി കൂട്ടിച്ചേര്‍ത്ത് വായിക്കുക .ഓഹരിയുടമകളായുണ്ടായിരുന്ന അഞ്ചുപേരില്‍ ഒരുവളുടെ വാര്‍ഷിക വരുമാനമാണ് 3.5 കോടി.

മൂടുപടം അഴിയുന്നു

ഷെയര്‍ മൈക്രോഫിനിന്റെ ഓഹരിയുമകളുടെ എണ്ണം 2006 ല്‍ 3000 ആയിരുന്നുവത്രെ. 44 പേജുള്ള ഒരു തടിയന്‍ പുസ്തക രൂപത്തിലായിരുന്നു പേരു വിവരപ്പട്ടിക എന്നാണ് പറയുന്നത്. എന്നാല്‍ 2007 ആയതോടെ വെറും 2 പേജിലൊതുങ്ങുന്ന 68 പേരുടെ ലിസ്റായി മാറി. ഓഹരി യുടമകളുടെ എണ്ണം. 2006 ല്‍ പ്രൊമോട്ടര്‍മാര്‍ക്ക്  75010 ഷെയറുകളാണുണ്ടായിരുന്നത്. ഇത് 2007 ല്‍ 24.25 ലക്ഷമായി ഉയര്‍ന്നു. സമുദായംഗങ്ങള്‍ക്ക് ദയാപൂര്‍വ്വം  വായ്പയൊരുക്കികൊടുക്കാനായി അഹോരാത്രം കഷ്ടപ്പെടുന്ന കുലീന നേതൃത്വത്തില്‍ പലരുടെയും അണിയറ കഥകളാണ് ഈ വെളിപ്പെടുത്തലിലൂടെ പൊളിഞ്ഞു വീഴുന്നത്.

പരമനിസ്വര്‍ക്ക് സഹായഹസ്തം അവരുടെ കഞ്ഞിക്കു നേരെയാണ് നീളുന്നത്. അക്രാമകമായ മുതലാളിത്തം അതിന്റെ എല്ലാ മറകളും നീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ലഘുവായ്പ സംവിധാനത്തിന്റെ പുറം മൂടികളും അഴിഞ്ഞുവീഴുകയാണ് .

(“മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ സ്വാര്‍ത്ഥമൊഴികെ ഹൃദയശൂന്യമായ റൊക്കം പൈസയൊഴികെ മറ്റൊരു ബന്ധവും അതു (ബൂര്‍ഷ്വാസി)  ബാക്കി വെച്ചില്ല…ചുരക്കിപ്പറഞ്ഞാല്‍ മതപരവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളുടെ മൂടുപടമിട്ട ചൂഷണത്തിനു പകരം  നഗ്നവും നിര്‍ല്ലജ്ജവുമായ,  പ്രത്യക്ഷവും  മൃഗീയവുമായ ചൂഷണം  അത് നടപ്പാക്കി… “കമ്മ്യൂണിസ്റ് മാനിഫെസ്റോവിലെ ഈ വരികള്‍ എത്ര പ്രസക്തം)

അത്തരമൊരു ഘട്ടത്തിലാണ് ബാങ്കിങ്ങ് മേഖലാപരിഷ്കാരത്തിനായി നിയുക്തമായ ഒരു കമ്മറ്റി  ഗ്രാമീണ വായ്പാ മേഖല അപ്പാടെ ബ്ളെയിഡ്  കമ്പനികള്‍ക്ക് പതിച്ചുകൊടുക്കണമെന്ന്  ശുപാര്‍ശ ചെയ്യുന്നത്. മുഖ്യധാരാ  ബാങ്കിങ്ങില്‍  നിന്ന്  ആടിയകറ്റപ്പെടുന്നവര്‍ക്കായി സ്ഥാപിക്കപ്പെട്ട മൈക്രോക്രെഡിറ്റ് സംവിധാനം വന്‍കിടക്കാര്‍ കൈയ്യടക്കിയ  സാഹചര്യത്തില്‍ ഇനി അവര്‍ക്ക് ആശ്രയിക്കാനുള്ളത്.

ബ്ളെയിഡ്   കമ്പനികളെത്തന്നെ ?  അതിനെ ലീഗലൈസ് ചെയ്യുന്നതിനുള്ള പുറപ്പാടാണ് രഘുരാം രാജന്‍ കമ്മിറ്റി പ്രസ്തുത നിര്‍ദ്ദേശങ്ങളിലൂടെ നടത്തുന്നത്. പൊതുമേഖലാ ബാങ്കുകള്‍,  സ്വകാര്യ വല്‍ക്കരിക്കുന്നതിനും സ്വകാര്യ ബാങ്കുകള്‍  വിദേശവല്‍ക്കരിക്കുന്നതിനുമുള്ള  കൊണ്ടുപിടിച്ച  പരിശ്രമങ്ങള്‍ നടക്കുകയാണല്ലോ . അതിനിടക്ക് ഇങ്ങനെ  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോകുന്ന ദശലക്ഷങ്ങളുടെ കൈയ്യിലെ ചെറു നിക്ഷേപങ്ങളെക്കൂടി ഷെയര്‍ മാര്‍ക്കറ്റിലേക്ക് കുത്തിച്ചോര്‍ത്തുന്നതിനുള്ള ശുപാര്‍ശകളും ഇതേ  കമ്മിറ്റി മുന്നോട്ടു വെച്ചത് യാദൃശ്ചികമല്ല.

ആഗോള ഫെനാന്‍സ് മൂലധനത്തിനിണങ്ങിയ രീതിയില്‍ കാര്യങ്ങളൊക്കെ മാറ്റിമറിക്ക പ്പെടുകയാണ് .ചെറുത്തുനില്‍പ്പ്  ശക്തിപ്പെടുത്തിക്കൊണ്ടല്ലാതെ ഇതിനെ പ്രതിരോധിക്കാനാവില്ല . എന്തു കൊണ്ടിങ്ങനെ  എന്ന കാര്യം ജനസാമാന്യത്തെയാകെ  പഠിപ്പിക്കുക എന്ന ഭാരിച്ച ഉത്തര വാദിത്വം കൂടി  കാര്യബോധമുള്ളവരുടേതായിത്തീര്‍ന്നിരിക്കുന്നു.