റിയാദ്: റീട്ടെയ്ല്‍ രാജാവ് മിക്കി ജഗ്തിയാനെ ഗള്‍ഫിലെ ഏറ്റവും സമ്പന്നനായ വ്യവസായിയായി തിരഞ്ഞെടുത്തു. അറേബ്യന്‍ ബിസിനസ് സര്‍വ്വേയുടെ പുതിയ സര്‍വ്വേയിലാണ് 2.65 ബില്യണ്‍ ഡോളറിന്റെ ആസ്ഥിയോടെ ഏറ്റവും സമ്പന്നനായ വ്യക്തിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഗള്‍ഫിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ ലാന്‍ഡ്മാര്‍ക്കിന്റെ അധിപനാണ് മിക്കി. 15 രാഷ്ട്രങ്ങളിലായി 900 റീട്ടെയില്‍ സ്റ്റോറുകള്‍ കമ്പനിക്കുണ്ട്. 31,000 ആളുകള്‍ ജോലിചെയ്യുന്ന സ്‌റ്റോറുകളില്‍ നിന്നായി 3.2 ബില്യണ്‍ ഡോളറാണ് കമ്പനിക്ക് ഒരുവര്‍ഷം ലഭിക്കുന്നത്. 1973ല്‍ ബഹ്‌റിനിലാണ് കമ്പനി സ്ഥാപിച്ചത്.

ന്യൂ മെഡിക്കല്‍ സെന്റര്‍ ഗ്രൂപ്പ് ഉടമ ബി ആര്‍ ഷെട്ടിയാണ് രണ്ടാമത്തെ സമ്പന്നനായ വ്യക്തി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മേധാവി പത്മശ്രീ യൂസഫലിയും പി എന്‍ സി മേനോനുമാണ് സമ്പന്നന്‍മാരുടെ പട്ടികയിലുള്ള മലയാളികള്‍.