Categories

സൂച്ചിയായി അഭിനയിച്ച നടിയെ മ്യാന്‍മര്‍ നാടുകടത്തി

യാങ്കൂണ്‍: മ്യാന്‍മറിന്റെ ജനാധിപത്യനേതാവ് ആങ് സാന്‍ സൂച്ചിയുടെ ജീവിതം കേന്ദ്രീകരിച്ചുള്ള ചിത്രത്തിലെ നായികയ്ക്ക് മ്യാന്‍മറില്‍ വിലക്ക്.

സൂച്ചിയുടെ ജീവിതം അഭ്രപാളികളിലേക്കെത്തിക്കുന്ന ദ ലേഡി എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന മുന്‍ മിസ് മലേഷ്യ മിഷേല്‍യോവിനെയാണ് മ്യാന്‍മറിലെ പട്ടാളഭരണകൂടം നാടുകടത്തിയത്. കഴിഞ്ഞ ദിവസം യാങ്കൂണ്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ മിഷേലിനെ അന്നുതന്നെ ഭരണകൂടം തിരിച്ചയക്കുകയായിരുന്നു.

സര്‍ക്കാരിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് തിരിച്ചയക്കുന്നത് വെളിപ്പെടുത്തിയെങ്കിലും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കാരണം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.

മ്യാന്‍മര്‍ ജനത സൂച്ചിയെ വിളിക്കുന്ന ദ ലേഡി എനന പേരില്‍തന്നെയാണ് ചിത്രം തയ്യാറാകുന്നത്. പാരീസ്, തായ്‌ലന്‍ഡ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.

1997 ല്‍ പുറത്തിറങ്ങിയ ടുമോറോ നെവര്‍ ഡൈസ് എന്ന ജെയിംസ്‌ബോണ്ട് ചിത്രത്തിലൂടെയാണ് മിഷേല്‍ ശ്രദ്ധേയയാകുന്നത്. തുടര്‍ന്ന് ക്രൗച്ചിംഗ് ടൈഗര്‍; ഹിഡന്‍ ഡ്രാഗണ്‍, ദ സ്റ്റണ്ട് വുമന്‍, സൂപ്പര്‍ കോപ്പ് 2 തുടങ്ങി നിരവധി ആക്ഷന്‍ ചിത്രങ്ങളിലും നര്‍ത്തകി കൂടിയായ മിഷേല്‍ വേഷമിട്ടു. 2002 ല്‍ മികച്ച നടിക്കുള്ള ബാഫ്റ്റ നോമിനേഷനും നേടിയിരുന്നു.

രണ്ടുപതിറ്റാണ്ടോളം വീട്ടുതടങ്കലിലായിരുന്ന സൂച്ചി കഴിഞ്ഞ വര്‍ഷമാണ് മോചിതയാകുന്നത്. കാന്‍സര്‍ ബാധിതനായ ഭര്‍ത്താവിന്റെ അകാലവേര്‍പാടില്‍പോലും സൂച്ചിക്ക് സന്ദര്‍ശനം അനുവദിച്ചിരുന്നില്ല.

സൂച്ചിയും ഭര്‍ത്താവ് മൈക്കല്‍ ആരിസും തമ്മിലുള്ള വിരഹാര്‍ദ്രമായ പ്രണയകഥയാണു ദ ലേഡിയുടെ പ്രമേയം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.