യു.എസ്: അമേരിക്കയിലെ പ്രഥമ വനിത മിഷേല്‍ ഒബാമ ഇത്തവണത്തെ ലണ്ടന്‍ ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന യു.എസ് പ്രതിനിധി സംഘത്തെ നയിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ഒരുപാട് താരങ്ങളുടെ പ്രതീക്ഷയാണ് ലണ്ടന്‍ ഒളിംപിക്‌സ്. ഇത്തരം മത്സരങ്ങളിലൂടെയാണ് ഭാവി താരങ്ങളെ കണ്ടെത്താന്‍ കഴിയുക. അമേരിക്കയില്‍ നിന്നുള്ള താരങ്ങളെ മാത്രമല്ല, ലോകത്തെ എല്ലാരാജ്യങ്ങളില്‍ നിന്നും പങ്കെടുക്കുന്നവര്‍ക്കും എല്ലാ ആശംസയും നേരുകയാണ്. വിജയിക്കുക എന്നതിലുപരി മത്സരങ്ങളില്‍ തങ്ങളുടെ സാനിധ്യം ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം.- മിഷേല്‍ വ്യക്തമാക്കി.

മിഷേലിനൊപ്പം പങ്കെടുക്കുന്ന ഔദ്യോഗിക പ്രതിനിധികള്‍ ആരൊക്കെയെന്ന് വരും മാസങ്ങളില്‍ വ്യക്തമാക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഗെയിംസിന്റെ പ്രാധാന്യം രാജ്യത്തെ യുവജനതയ്ക്ക് മനസിലാക്കിക്കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് താന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്.

ഇന്നത്തെ യുവതലമുറയ്ക്ക് ലഭിക്കുന്ന അവസരങ്ങളില്‍ പ്രധാനപ്പെട്ട ഒരു മത്സരമാണ് ഒളിംപിക്‌സ്. എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റോടെ മത്സരത്തെ നേരിടാന്‍ കഴിയണം. എല്ലാവര്‍ക്കും ഓരോ രീതിയിലുള്ള കഴിവുകളുണ്ട്. അത് കണ്ടെത്തി പ്രയോജനപ്പെടുത്തുകയെന്നതാണ് പ്രധാനം. നമ്മുടെ കഴിവിനെ പരിപോഷിപ്പിക്കേണ്ട ഉത്തരവാദിത്തം നമുക്ക് മാത്രമാണ്.- മിഷേല്‍ വ്യക്തമാക്കി.

അമേരിക്കയുടെ പ്രഥമ വനിതകള്‍ ഒളിമ്പിക്‌സുകളില്‍ പ്രസിഡന്റിന്റെ പ്രതിനിധി സംഘത്തെ ഇതിന് മുന്‍പും നയിച്ചിട്ടുണ്ട്. ഇറ്റലിയിലെ ടോറിനോയില്‍ 2006 ല്‍ നടന്ന ഒളിമ്പിക്‌സില്‍ ലോറാ ബുഷും, 1994 ല്‍ നോര്‍വേയിലെ ലില്ലി ഹാമറില്‍ നടന്ന ഒളിമ്പിക്‌സില്‍ ഹില്ലരി ക്ലിന്റണും യുഎസ് പ്രതിനിധിസംഘത്തെ നയിച്ച് എത്തിയിരുന്നു.

Malayalam news

Kerala news in English