എഡിറ്റര്‍
എഡിറ്റര്‍
ഷൂമാക്കര്‍ അമിത വേഗതയിലായിരുന്നില്ലെന്ന് മാനേജര്‍
എഡിറ്റര്‍
Wednesday 1st January 2014 10:04am

Michael-Schumacher1

ഗ്രെനോബിള്‍: സ്‌കീയിങ്ങിനിടയില്‍ ഗുരുതരമായി പരിക്കേറ്റ മുന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ മൈക്കല്‍ ##ഷൂമാക്കര്‍ അമിത വേഗതയിലായിരുന്നില്ലെന്ന് മാനേജര്‍.

അമിത വേഗതയാണ് ഷൂമാക്കറിന്റെ അപകടകാരണമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു മാനേജര്‍. യാദൃശ്ചികമായി ഉണ്ടായ അപകടമായിരുന്നെന്നും മാനേജര്‍ വ്യക്തമാക്കി.

മണിക്കൂറില്‍ അറുപത് മുതല്‍ നൂറ് കിലോമീറ്റര്‍ വേഗതയിലായിരുന്നു ഷൂമാക്കറിന്റെ സഞ്ചാരമെന്നായിരുന്നു മാധ്യമങ്ങളില്‍ വന്നത്. ഇതും മാനേജര്‍ ഖണ്ഡിച്ചു.

മണിക്കൂറില്‍ വെറും പത്ത് കിലോമീറ്റര്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ വേഗതയെന്നാണ് മാനേജര്‍ പറയുന്നത്.

അതേസമയം, ആരോഗ്യത്തില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്നലെ ഷൂമാക്കറെ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.

നേരിയ പുരോഗതി എന്ന് മാത്രമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. രണ്ടാമത്തെ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഷൂമാക്കര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ അദ്ദേഹത്തിനൊപ്പം ഭാര്യയും കുടുംബവുമുണ്ട്. ഏഴ് തവണ ഫോര്‍മുല വണ്‍ വിജയിയായ ഷൂമാക്കറുടെ അപകടവാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്.

സ്‌കീയിങ്ങിനിടയില്‍ തലയ്ക്കാണ് ഷൂമാക്കറിന് പരിക്കേറ്റത്. തുടര്‍ന്ന് കോമയിലായ ഷൂമിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്. ഞായറാഴ്ച്ചയായിരുന്നു അപകടം പറ്റിയത്.

നാല്‍പ്പത്തിനാലുകാരനായ ഷുമാക്കര്‍ 2012 സീസണിന്റെ അവസാനത്തോടെയാണ് ട്രാക്കില്‍ നിന്ന് വിരമിച്ചത്.

Advertisement