ലോസ് ആഞ്ചല്‍സ്: പോപ്പ് ഇതിഹാസതാരം മൈക്കിള്‍ ജാക്‌സന്റെ മരണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാലു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട അദ്ദേഹത്തിന്റെ ഡോക്ടര്‍ കൊണ്‍റാഡ് മുറെ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. ഇതു സംബന്ധിച്ച് മുറെ ലോസ് ആഞ്ചല്‍സ് കോടതിയില്‍ വെള്ളിയാഴ്ച നോട്ടീസ് ഫയല്‍ ചെയ്തു.

ചൊവ്വാഴ്ചയാണ് മുറെയ്‌ക്കെതിരെ കോടതി നാലു വര്‍ഷം തടവു ശിക്ഷ വിധിച്ചത. കൂടിയ അളവിലുള്ള ലഹരി മരുന്നാണ് മൈക്കിള്‍ ജാക്‌സണ്‍ന്റെ മരണത്തിനിടയാക്കിയതെന്ന് മരണ സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടര്‍ ക്രിസ്റ്റഫര്‍ റോജേഴ്‌സ് വ്യക്തമാക്കിയിരുന്നു. ഉറക്കം ലഭിക്കുന്നതിനായി ജാക്‌സണ് മരുന്നുകള്‍ നല്‍കിയിരുന്നതായി മുറെ നേരത്തെ സമ്മതിച്ചിരുന്നു.

പ്രൊപൊഫോള്‍ എന്ന മരുന്ന് അമിതമായി നല്‍കിയെന്നും അദ്ദേഹത്തെ ഉത്തരവാദിത്തപൂര്‍വം നിരീക്ഷിച്ചില്ലെന്നുമാണു പ്രോസിക്യൂഷന്‍ മുറെയ്‌ക്കെതിരെ ചുമത്തിയ കുറ്റം. മുറെയുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.

അപ്പീല്‍ നല്‍കുന്നതിന് വേണ്ടി കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറണം എന്നാവശ്യപ്പെട്ട് മുറെ നോട്ടീസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതേസമയം, തടവിന് ശിക്ഷിച്ച കോടതി വിധിക്കെതിരെ എന്തു വാദമാണ് അപ്പീലില്‍ ഉന്നയിക്കുക എന്നു വ്യക്തമാക്കിയിട്ടില്ല.

Malayalam news
Kerala News in Kerala