കണ്ണൂര്‍: ടെറിട്ടോറിയല്‍ ആര്‍മിയുടെ ബ്രാന്റ് അംബാസിഡര്‍ പദവിയെ പരസ്യത്തിന് ഉപയോഗിക്കിക്കാനുള്ള സ്ഥാനമായല്ല താന്‍ കാണുന്നതെന്ന് നടന്‍ മോഹന്‍ലാല്‍. കഠിനമായ അദ്ധ്വാനം വേണ്ട മേഖലയാണ് സൈനനിക സേവനം. അച്ചടക്കം, ബുദ്ധി, അദ്ധ്വാനം ഇവയെല്ലാം ചിട്ടയായ പരിശീലനത്തിലൂടെ നേടിയെടുത്താല്‍ മാത്രമെ ഈ രംഗത്ത് വിജയിക്കാനാവു.

ടെറിട്ടോറിയല്‍ ആര്‍മിയുടെ ബ്രാന്‍ഡ് അംബാസഡറായതിലൂടെ ആര്‍മി കടുത്ത ഉത്തരവാദിത്വമാണ് തന്നെ ഏല്‍പിച്ചിരിക്കുന്നത്. നടന്‍ എന്ന നിലയിലും ഭടന്‍ എന്ന നിലയിലും താന്‍ ഇപ്പോള്‍ ഏറെ അഭിമാനിക്കുന്നു. രാജ്യത്തിന് വേണ്ടി യുവാക്കളെ അണിനിരത്താന്‍ കഴിയുമെന്ന വിശ്വാസമുള്ളതു കൊണ്ടാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ ബ്രാന്‍ഡ് അംബാസഡറായി തന്നെ നിയോഗിച്ചത്. അത് പരസ്യ ഉല്പന്നമായി കാണുന്നില്ല. രണ്ടു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

സൈന്യവും, ടെറിട്ടോറിയല്‍ ആര്‍മിയും തമ്മില്‍ വളരെയേറെ വ്യത്യാസമുണ്ട്. അത്യാവശ്യ അവസരങ്ങളില്‍ സൈന്യത്തെ സഹായിക്കുന്നതും, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ചടുലമായി പ്രവര്‍ത്തിക്കേണ്ടതും ടെറിട്ടോറിയല്‍ ആര്‍മി അംഗങ്ങളുടെ ചുമതലയാണെന്ന് മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയതിനേക്കാള്‍ അഭിമാനമാണ് ഈ നേട്ടം. മികച്ച നടന്‍മാര്‍ക്ക് എല്ലാവര്‍ഷവും അവാര്‍ഡ് ലഭിക്കും. എന്നാല്‍ ഇത്തരമൊരു പദവി ലഭിക്കുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് .

സിനിമയില്‍ നിന്നും സൈന്യത്തിലെത്തിയതില്‍ ഏറെ അഭിമാനമുണ്ട്. സൈനിക പശ്ചാത്തലത്തില്‍ ധാരാളം സിനിമകള്‍ ചെയ്തിട്ടുണ്ട്. കാശ്മീരിലും, കാര്‍ഗിലും സിനിമക്കായി പ്രവര്‍ത്തിച്ചു. എന്നാല്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ പരിശീലനം ഒരേസമയം ആവേശമുണര്‍ത്തുന്നതും ഏറെ കഠിനവുമാണ്.

പ്രിയപെട്ട ലാലേട്ടന് …. ആരാധകരുടെ തുറന്ന കത്ത്