കോഴിക്കോട്: മീഞ്ചന്ത ആര്‍ട്‌സ് കോളജ് മാഗസിനില്‍ അന്തരിച്ച വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ എ.ബി.വി.പി രംഗത്ത്. മാഗസിന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ എ.ബി.വി.പി കോളജിലേക്ക് മാര്‍ച്ച് നടത്തി.

ഹുസൈന്റെ വിവാദ ചിത്രം മാഗസിനില്‍ ഉള്‍പ്പെടുത്തിയത് ദേശീയതക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും മാഗസിന്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം അനീഷ്‌കുമാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ 28നാണ് മാഗസിന്‍ പ്രകാശനം ചെയ്തത്. 29ന് മാഗസിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. എ.ബി.വി.പി പരസ്യമായി മാഗസിനിനെതിരെ രംഗത്തെത്തിയതോടെ കഴിഞ്ഞ ദിവസം വിതരണം നിര്‍ത്തിവെച്ചു. ഹുസൈന്റെ ‘ ഭാരതാംബ’ എന്ന ചിത്രമാണ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. നേരത്തെ തന്നെ സംഘപരിവാര്‍ സംഘടനകള്‍ ഈ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഹുസൈന്‍ ഇന്ത്യ വിടുന്നതിന് കാരണമായതും സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധമായിരുന്നു.

എന്നാല്‍ വിവാദ ഭാഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി മാഗസിന്‍ വിതരണം ചെയ്യാനാണ് സ്റ്റാഫ് കൗണ്‍സില്‍ തീരുമാനമെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Malayalam news, Kerala news in English