[]മുംബൈ: വാതുവെപ്പ് കേസില്‍ പിടിയിലായ ബി.സി.സി.ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ക്രൈം ബ്രാഞ്ച് പോലീസ്. മുംബൈ ക്രൈം ബ്രാഞ്ച് പോലീസിന്റെ മേല്‍നോട്ടത്തിലാണ് മെയ്യപ്പനെ ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച്ച രാത്രിയാണ് മെയ്യപ്പനെ പോലീസ് വാതുവെപ്പ് കേസില്‍ മധുരയില്‍ നിന്ന് പിടികൂടിയത്.[]
പിടികൂടിയ ഉടനെ മെയ്യപ്പനെ പോലീസ് കുറച്ച് നേരം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ ഇന്നും തുടരുന്നതിനിടെയാണ് മെയ്യപ്പന്‍ പോലീസിനോട് സഹകരിക്കാന്‍ വിസമ്മതിക്കുന്നത്. മെയ്യപ്പനെ അറസ്റ്റ് ചെയ്ത വിവരം ശനിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് ജോയിന്റ് കമ്മീഷണര്‍ ഹിമാന്‍ഷു റോയ് മാധ്യമങ്ങളെ അറിയിച്ചത്.
ഇതിനിടെ ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് തന്റെ മരുമകന്‍ മെയ്യപ്പനെ അറസ്റ്റ് ചെയ്തത് തനിയ്‌ക്കെതിരെ ചിലര്‍ ആയുധമാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ ആരോപിച്ചു.
എന്തു വന്നാലും താന്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും മരുമകനിലൂടെ തന്നെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്റെ മരുമകന്‍ നടത്തുന്ന ഇടപാടുകളെക്കുറിച്ചോ അവന്റെ ബന്ധങ്ങളെക്കുറിച്ചോ എനിയ്ക്ക് അറിയില്ല. പിന്നെ എന്നെ എന്തിനാണ് വിഷയത്തില്‍ ക്രൂശിക്കുന്നതെന്ന് അറിയില്ല. ശ്രീനിവാസന്‍ ചോദിച്ചു.
ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ വിന്ദു ധാരാ സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മെയ്യപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പോലീസ് അന്വേഷണത്തില്‍ വിന്ദു സിംഗ് മെയ്യപ്പനുമായി നിരന്തരമായി ബന്ധപ്പെട്ടിരുന്നെന്ന് നേരത്തെ വ്യക്തമാക്കി
മെയ്യപ്പന്റെയും വിന്ദു സിംഗിന്റേയും ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് ഇക്കാര്യം ബോധ്യപ്പെട്ടിരുന്നു.
നേരത്തെ മെയ്യപ്പനെ ചോദ്യം ചെയ്യാന്‍ മുംബൈ പോലീസ് ചെന്നൈയില്‍ എത്തിയിരുന്നെങ്കിലും മെയ്യപ്പന്‍ വീട്ടിലില്ലാതത്തിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിരുന്നില്ല.
