Categories

ജിഗ്നേഷ് മെവാനിയും കനയ്യകുമാറും ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍: നടപടി ഉന വാര്‍ഷികത്തിലെ ഫ്രീഡം മാര്‍ച്ച് ഭയന്ന്

മെഹ്‌സാന: ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മെവാനിയെയും ജെ.എന്‍.യു.എസ്.യു മുന്‍ പ്രസിഡന്റ് കനയ്യകുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഉനയില്‍ ദളിത് യുവാക്കള്‍ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ഷികത്തില്‍ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചതിനെതിരെയാണ് ഗുജറാത്ത് പൊലീസിന്റെ നടപടി. ഇരുവര്‍ക്കുമെതിരെ അനുമതിയില്ലാതെ മാര്‍ച്ച് സംഘടിപ്പിച്ചു എന്നാരോപിച്ച് കേസെടുത്തിട്ടുണ്ട്.

ജിഗ്നേഷിനും കനയ്യയ്ക്കും പുറമേ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ മറ്റു 15 ദളിത് ആക്ടിവിസ്റ്റുകളെയും കസ്റ്റഡിയിലെടുക്കുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഐ.പി.സി സെക്ഷന്‍ 143 പ്രകാരം നിയമവിരുദ്ധമായി യോഗം ചേര്‍ന്നു എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.


Don’t Miss: കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിനു പങ്കുണ്ട്: ആരോപണവുമായി മണിയുടെ കുടുംബം


രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് കണ്‍വീനറാണ് ജിഗ്നേഷ് മെവാനി. ജൂലൈ 13ന് ഗുജറാത്തില്‍ സംഘടിപ്പിച്ച ആസാദി കൂഞ്ച് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കനയ്യകുമാറിനെ ജിഗ്നേഷ് ക്ഷണിച്ചിരുന്നു. ഇതനുസരിച്ചാണ് കനയ്യകുമാര്‍ ഗുജറാത്തിലെത്തിയത്.

മാര്‍ച്ചില്‍ അണിനിരക്കാനായി സോംനാഥ് ചൗക്കില്‍ ദളിത് ആക്ടവിസ്റ്റുകളും എത്തിയിരുന്നു. മാര്‍ച്ച് നടത്താനായി ജിഗ്നേഷിന് നേരത്തെ അനുവാദം നല്‍കിയിരുന്നെങ്കിലും മെഹ്‌സാന ജില്ലാ അധികൃതര്‍ അത് റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഇതിന്റെ കാരണം സംബന്ധിച്ച് അധികൃതര്‍ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല.

‘ഞങ്ങള്‍ അവരെ അറസ്റ്റു ചെയ്തില്ല. കുറച്ചുസമയം കഴിഞ്ഞാല്‍ അവരെ വിടും.’ മെഹ്‌സാന എ. ഡിവിഷന്‍ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

നിശ്ചയിച്ച പ്രകാരം വടക്കന്‍ ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലയിലെ ധനേറയില്‍ ഒരാഴ്ചയ്ക്കുശേഷം അവസാനിക്കേണ്ടതായിരുന്നു ഫ്രീഡം മാര്‍ച്ച്. ദളിതര്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ കാര്‍ഷിക ഭൂമി അനുവദിക്കാന്‍ ഗുജറാത്ത് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്നതാണ് മാര്‍ച്ചിന്റെ പ്രധാന അജണ്ട.

അതേസമയം മാര്‍ച്ചിന്റെ അടുത്ത ലക്ഷ്യസ്ഥാനമായ ഉഞ്ചയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളതിനാല്‍ മാര്‍ച്ച് തുടരുമെന്ന് കോ കണ്‍വീനര്‍ കൗശിക് പാര്‍മര്‍ അറിയിച്ചു. ഇന്നുരാത്രിയോടെ ഉഞ്ചയിലേക്കെത്താനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

2016 ജൂലൈ 11 നാണ് ഗുജറാത്തിലെ ഉനയില്‍ നാല് ദളിത് യുവാക്കളെ പശു സംരക്ഷണത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവം നടന്ന് ഒരുവര്‍ഷത്തിനുശേഷം ഇവര്‍ക്ക് നീതി ലഭിച്ചിട്ടില്ല.