എഡിറ്റര്‍
എഡിറ്റര്‍
പൊലീസിന്റെ സദാചാര ഗുണ്ടായിസം ഫേസ്ബുക്കില്‍ ലൈവ്; നടപടിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെ വെട്ടിലായി പൊലീസ്
എഡിറ്റര്‍
Tuesday 21st February 2017 2:29pm

തിരുവനന്തപുരം: മ്യൂസിയത്തില്‍ തോളില്‍ കൈകെട്ടിയിരുന്നതിന്റെ പേരില്‍ യുവാവിനെയും യുവതിയെയും കസ്റ്റഡിയിലെടുത്ത് വെട്ടിലായി തിരുവനന്തപുരം മ്യൂസിയം പൊലീസ്. പൊലീസിന്റെ സദാചാര ഗുണ്ടായിസത്തിനെതിരെ യുവതീയുവാക്കളുടെ ബന്ധുക്കള്‍കൂടി നിലകൊണ്ടതോടെയാണ് പൊലീസ് വെട്ടിലായത്.

പ്രായപൂര്‍ത്തിയായ മക്കളുടെ കാര്യത്തില്‍ തങ്ങള്‍ ഇടപെടില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയതോടെ യുവതീ യുവാക്കളെ പൊലീസ് വിട്ടയച്ചെങ്കിലും പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇവര്‍ സ്റ്റേഷനില്‍ കുത്തിയിരിക്കുകയായിരുന്നു.


Also Read:  എന്നെക്കൊണ്ട് മൂത്രം കുടിപ്പിച്ചു, മറ്റു പ്രതികളുടെ സ്വകാര്യഭാഗങ്ങള്‍ നക്കിച്ചു: ദല്‍ഹി സ്‌ഫോടനക്കേസില്‍ കോടതി വെറുതെവിട്ട മുഹമ്മദ് റഫീഖ് പറയുന്നു


‘ഇരുവരുടെയും മാതാപിതാക്കളെ വിളിപ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞത് മകള്‍ക്കു പ്രായപൂര്‍ത്തിയായെന്നും അവളുടെ ഇഷ്ടത്തിന് ജീവിക്കാമെന്നുമാണ്. ഇതോടെ ഇവരെ വിട്ടയച്ചു. എന്നാല്‍ ഇവര്‍ ഇവിടെ തന്നെ കുത്തിയിരിക്കുകയാണ്.’ മ്യൂസിയം പൊലീസ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ഇന്നു ഉച്ചയോടെയാണ് മ്യൂസിയത്തില്‍ തോളില്‍ കൈയിട്ടിരുന്ന യുവാവിനെയും യുവതിയെയും അനാശാസ്യം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് അതിക്രമത്തിന് ഇരയായ വിഷ്ണു എന്ന യുവാവ് തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ ലൈവായി പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.


തോളില്‍ കയ്യിട്ടിരുന്നതിന്റെ പേരില്‍ യുവതിയെയും യുവാവിനെയും പൊലീസ് ചോദ്യം ചെയ്യുന്നതായാണ് വീഡിയോയില്‍ കാണുന്നത്. പൊലീസുകാര്‍ക്കൊപ്പം സ്റ്റേഷനിലേക്കു പോകാന്‍ ഇവരോട് ആവശ്യപ്പെടുന്നു.

എന്താണ് തങ്ങള്‍ ചെയ്ത കുറ്റം എന്നു ഇവര്‍ ചോദിക്കുമ്പോള്‍ പൊലീസ് കൃത്യമായി മറുപടി നല്‍കുന്നില്ല. കെട്ടിപ്പിടിച്ചു ഇരുന്നു എന്നതാണ് ആദ്യം പൊലീസ് ചൂണ്ടിക്കാണിച്ച കുറ്റം.

തോളില്‍ കയ്യിട്ടിരിക്കുന്നതാണോ കെട്ടിപ്പിടിക്കല്‍ എന്നു പറഞ്ഞ് യുവാവ് ചോദ്യം ചെയ്തതോടെ ഇരുവരും ചുംബിക്കുന്നത് കണ്ടെന്ന് പറഞ്ഞ് പൊലീസ് നിലപാട് മാറ്റി. അതിനു തെളിവുനല്‍കാന്‍ യുവതീ യുവാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് കൃത്യമായ വിശദീകരണം നല്‍കാതെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

‘ഉമ്മവെച്ചത് കണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇനി സ്റ്റേഷനില്‍ പോയാല്‍ അവര്‍ എന്തായിരിക്കും പറയുക. അനാശാസ്യം. തോളില്‍ കയ്യിട്ടിരുന്നാല്‍ അനാശ്യം.’ എന്നു പറഞ്ഞുകൊണ്ടാണ് യുവാവ് ലൈവ് വീഡിയോ അവസാനിപ്പിക്കുന്നത്.

മ്യൂസിയം പരിസരത്ത് മോശമായ രീതിയില്‍ യുവതിയും യുവാവും ഇടപെടുന്നത് സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടെന്നും ഇക്കാര്യം പരാതിപ്പെട്ടതോടെയാണ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തതെന്നുമാണ് മ്യൂസിയം പൊലീസ് നല്‍കുന്ന വിശദീകരണം.

 

Advertisement