ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയുടെ പുതിയ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പേരില്‍ മ്യൂസിയം. അദ്ദേഹത്തിന്റെ ജന്മനാടായ റൊസാരിയോ നഗരത്തിലാണ് മ്യൂസിയം നിര്‍മിക്കുക.

Ads By Google

റൊസാരിയോയില്‍ ജനിച്ച റയല്‍ മാഡ്രിഡ് താരം എയ്ഞ്ചല്‍ ഡി മരിയ അടക്കമുള്ള മറ്റ് കായികപ്രതിഭകളുടെ നേട്ടങ്ങള്‍ക്കും മ്യൂസിയത്തില്‍ അര്‍ഹമായ പരിഗണന നല്‍കും.

മെസ്സിയുടെ ബാല്യംമുതല്‍ ഫുട്‌ബോള്‍രംഗത്ത് ഇതുവരെയുള്ള മുഴുവന്‍ നേട്ടങ്ങളും മ്യൂസിയത്തിന്റെ ഭാഗമാകും.

നാലുതവണ ബാലണ്‍ ദ്യോര്‍ നേടി ചരിത്രമെഴുതിയ ലോക ഫുട്‌ബോളറുടെ ജീവിതത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചംവീശുന്ന അമൂല്യവസ്തുക്കളുടെ ശേഖരം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ കൈമാറിക്കഴിഞ്ഞതായും മേയര്‍ പറയുന്നു.

മെസ്സിയെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടുള്ള ഒരു കായിക മ്യൂസിയമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് റൊസാരിയോ നഗരത്തിന്റെ മേയറായ മോണിക്ക ഫിന്‍ പറഞ്ഞു.

വെനസ്വേലയുമായി ഇന്ന് നടക്കുന്ന ലോകകപ്പ് യോഗ്യതാമത്സരത്തിന് മെസ്സി ഇറങ്ങുന്നത് മകന്‍ തിയാഗോയുടെ പേരെഴുതിയ ടാറ്റു പതിപ്പിച്ച കാലുമായി.

ഇതിനായി ചൊവ്വാഴ്ച ലഭിച്ച ഒഴിവുസമയത്ത് മെസ്സി തന്റെ ഇടതു കാലില്‍ മകന്റെ പേരും കൈകളും അടങ്ങിയ പുതിയ ടാറ്റു പതിപ്പിച്ചു. അമ്മയുടെ മുഖത്തിന്റെ ടാറ്റു മെസ്സിയുടെ ഇടതുകൈയുടെ ഉരത്തില്‍ ഇതിനോടകം സ്ഥാനം പിടിച്ചിട്ടുണ്ട്.