തൊടുപുഴ: ക്രിസ്തുവിനൊപ്പം ചെഗുവേരയുടെയും ചിത്രം തന്റെ പൂജാമുറിയിലുണ്ടെന്ന പരാമര്‍ശം നടത്തിയ  യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കാതോലിക്ക ബാവയെ നേരില്‍ കണ്ട് മാപ്പ് അറിയിച്ചതായി സൂചന.

സി.പി.എം സംസ്ഥാന സമ്മേളന നഗരിയില്‍ ക്രിസ്തുവിനെ അടിസ്ഥാനമാക്കി പ്രദര്‍ശിപ്പിച്ച കാര്‍ട്ടൂണ്‍ കണ്ട ശേഷം മാര്‍ കൂറിലോസ് നടത്തിയ അഭിപ്രായപ്രകടനമാണ് വിവാദമായത്. ക്രിസ്തു കൂടിയുണ്ടെങ്കിലെ വിപ്ലവകാരികളുടെ ചിത്രം പൂര്‍ത്തിയാകൂവെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഇത് അല്‍മായര്‍ക്കിടയിലും മെത്രാപ്പൊലീത്തമാര്‍ക്കിയിലും   അമര്‍ഷമുണ്ടാക്കി.

ആകമാന സുറിയാനി സഭാ മേലധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ ബാവ ഇദ്ദേഹത്തെയും മറ്റ് രണ്ട് മെത്രാപ്പോലീത്തമാരെയും    പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ സഭാ ആസ്ഥാനമായ  ദമസ്‌കസിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുത്തന്‍കുരിശില്‍ ചേര്‍ന്ന സഭാ വര്‍ക്കിങ് കമ്മിറ്റിയുടെ അടിയന്തര യോഗത്തില്‍ ഇതിനെതിരെ വിമര്‍ശനമുണ്ടായിരുന്നു. മാര്‍ കൂറിലോസിന്റെ പ്രസ്താവന യാക്കോബായ സഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളെ തള്ളിപ്പറയുന്നതിന് തുല്യമെന്നും അത്രത്തോളം ഗൗരവം കാണേണ്ടതില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

തുടര്‍ന്ന് മെത്രാപ്പോലീത്ത സംഭവത്തില്‍ പശ്ചാത്തപിച്ചിട്ടുണ്ടെന്നും ക്ഷമാപണം നടത്തിയെന്നും തോമസ് പ്രഥമന്‍ കാതോലിക്ക ബാവ യോഗത്തെ അറിയിക്കുകയായിരുന്നു. എന്നാല്‍, വിഷയം സിനഡില്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യമുയര്‍ന്നു. കൂറിലോസ് നിലപാടില്‍ ഉറച്ചുനിന്നത് കാര്യങ്ങള്‍ വഷളാക്കുകയായിരുന്നു.

ഇത്തരം വിവാദ പ്രസ്ഥാവനകള്‍ കുറിലോസ് മുന്‍പും നടത്തിയിട്ടുണ്ടെന്നും് സിനഡ് താക്കീത് ചെയ്തിട്ടും തെറ്റ് ആവര്‍ത്തിക്കുകയാണെന്നും ആരോപണമുയര്‍ന്നു. മാപ്പുപറയുന്നതിലൂടെ മാത്രം പ്രശ്‌നം അവസാനിക്കില്ലെന്നും ചിലര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ കൂറിലോസിനും മാര്‍ ദിയസ് കോറസിനുമൊപ്പം എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസിനെക്കൂടിയാണ്  ദമസ്‌കസിലേക്ക് വിളിച്ചിട്ടുള്ളത്.

ഭദ്രാസന വൈദിക സെക്രട്ടറി സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ അടക്കമുള്ളവരും  അല്‍മായ ഫോറം പ്രസിഡന്റ് മനോജ് കോക്കാട്ട്, സഭാ മുഖ്യ വക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറ എന്നിവരും കൂറിലോസിനെതിരെ ശക്തമായ നിലപാടെടുത്തതോടെയാണ് പാത്രിയാര്‍ക്കീസ് ബാവ ഇടപെട്ടത്.

Malayalam News

Kerala News In English