നോയിഡ: ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെറ്റാലിക റോക്ക് ബാന്‍ഡിന്റെ സംഗീതപരിപാടി മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ റദ്ദാക്കിയതിനു നാലു പേര്‍ അറസ്റ്റില്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന സംഗീത പരിപാടി സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് സംഘാടകര്‍ റദ്ദാക്കിയത്. പരിപാടിയുടെ സംഘാടകരായ ഡി.എന്‍.എ ഇവന്റ് മാനേജിംഗ് കമ്പനിയുടെ ഡയറക്ടര്‍ ചന്ദ്‌വാനിയും സീനിയര്‍ എക്‌സിക്യുട്ടീവുമടക്കം നാലുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഇന്നലെ നടത്താനിരുന്ന പരിപാടി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കിയതായി അവസാന നിമിഷമാണ് സംഘാടകര്‍ അറിയിച്ചത്. രോഷാകുലരായ ആസ്വാദകര്‍ വേദിയിലേക്ക് ചാടിക്കയറി ഫാനുകളും സ്പീക്കര്‍ സെറ്റുകളും തകര്‍ത്തു.

വിശ്വസ വഞ്ചനാക്കുറ്റം ചുമത്തിയാണ് ഗുഡ്ഗാവ് പോലീസ് സംഘാടകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഘാടകര്‍ക്കെതിരെ കൂടുതല്‍ പരാതി ലഭിച്ചതായി പോലീസ് പറഞ്ഞു.

ഇന്ത്യയിലെ തങ്ങളുടെ ആദ്യ പരിപാടി തന്നെ റദ്ദായതില്‍ ദുഖമുണ്ടെന്ന് അമേരിക്കന്‍ ഹെവി മെറ്റല്‍ മ്യൂസിക് ബാന്‍ഡായ മെറ്റാലിക്ക പ്രതികരിച്ചു.

പരിപാടിയുടെ വേദിയായിരുന്ന ലെഷര്‍ വാലി പാര്‍ട്ടക്കില്‍ 25,000 ത്തോളം ആളുകള്‍ എത്തിയിരുന്നു. നിശ്ചയിച്ച സമയത്തിന് രണ്ടു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് റദ്ദാക്കിയ വിവരം സംഘാടകര്‍ അറിയിച്ചത്. 1650 രൂപ മുതല്‍ 2750 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ടിക്കറ്റ് തുക തിരികെ നല്‍കാമെന്ന് അറിയിച്ചെങ്കിലും പരിപാടിക്കെത്തിയവര്‍ വേദി തല്ലിത്തകര്‍ത്തു.

മെറ്റാലിക്കയുടെ ഇന്ത്യയിലെ അടുത്ത പരിപാടി ബാംഗ്ലൂരില്‍ ഞായറാഴ്ചയാണ്.

English News

Malayalam News