മാഡ്രിഡ്: 2011ലെ ഫിഫ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനുള്ള (ഫിഫ ബാലന്‍ഡി ഓര്‍) അവസാന പട്ടികയില്‍ ഇടം നേടിയ മൂന്ന് താരങ്ങളുടെ പേര് വിവരങ്ങള്‍ ഫിഫ പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം ഈ പദവി സ്വന്തമാക്കിയ ബാഴ്‌സലോണയുടെ പ്രിയതാരം ലയണല്‍ മെസിയും പ്രതീക്ഷിച്ചതുപോലെ അവസാന മൂന്ന് പേരുടെ ലിസ്റ്റിലും ഇടം തേടി. 2009ലും, 2010ലും ഈ കിരീടം ചൂടിയ മെസി ഒരു ഹാട്രിക്കാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സീസണില്‍ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണക്കുവേണ്ടി 53 ഗോളുകള്‍ അടിച്ചുകൂട്ടി ലാ ലീഗ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ സമ്മാനിച്ചാണ് മെസ്സി മിന്നും താരമായത്.

Subscribe Us:

ബാഴ്‌സലോണയില്‍ മെസിയുടെ കൂട്ടുകാരന്‍ സാവിയും റയല്‍മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് അവസാന മൂന്നില്‍ ഇടംനേടിയവര്‍.

2008ലെ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജേതാവാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2009ലും നാമിനിര്‍ദേശം ലഭിച്ചെങ്കിലും റൊണാള്‍ഡോയ്ക്ക് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 53 ഗോളുകളുമായി കഴിഞ്ഞ സീസണില്‍ റയലിനെ മുന്നില്‍ നിന്ന് നയിച്ചാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ബാലന്‍ഡി ഓര്‍ അവസാന വട്ട പോരാട്ടത്തിന് യോഗ്യത നേടിയത്.

2010,2009ലും മൂന്നാം സ്ഥാനത്തെത്തിയയാളാണ് സാവി. ബാഴ്‌സലോണയില്‍ മെസ്സി നേടിയ ഗോളുകളിലേക്ക് തന്ത്രങ്ങള്‍ നെയ്തു നല്‍കിയ താരമാണ് സാവി.

രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയും, ഫ്രഞ്ച് ഫുട്‌ബോള്‍ പ്രിസിദ്ധീകരണമായ ബാലന്‍ഡി ഓറും ചേര്‍ന്നാണ് ലോകഫുട്‌ബോളറെ തിരഞ്ഞെടുക്കുന്നത്. ജനുവരി ഒമ്പതിന് സുറിച്ചില്‍ നടക്കുന്ന അവാര്‍ഡ് രാവില്‍ പുരസ്‌കാരം പ്രഖ്യാപിക്കും. ഫിഫ അംഗരാജ്യങ്ങളിലെ ക്യാപ്റ്റന്‍മാര്‍, കോച്ചുമാര്‍, തിരഞ്ഞെടുക്കപ്പെടുന്ന സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകള്‍ എന്നിവര്‍ക്കിടയില്‍ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് ലോകഫുട്‌ബോളറെ പ്രഖ്യാപിക്കുക.

Malayalam news

Kerala news in English