മാഡ്രിഡ്: സുവര്‍ണതാരം ലേണല്‍ മെസ്സി ഒരിക്കല്‍ക്കൂടി ബാര്‍സലോണയുടെ രക്ഷകനായി. അവസാന പകുതിയില്‍ മെസ്സി നേടിയ രണ്ടുഗോളിന്റെ കരുത്തിലാണ് ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യപാദത്തില്‍ ബാര്‍സ റയലിനെ തകര്‍ത്തുവിട്ടത്.

Subscribe Us:

ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് കളിയുടെ എഴുപത്തിയാറാം മിനുറ്റിലായിരുന്നു മെസ്സിയുടെ കേളിമികവ് വ്യക്തമാക്കുന്ന ആദ്യഗോള്‍ വന്നത്. സബ്‌സ്റ്റിറ്റിയൂട്ട് ഇബ്രാഹിം അഫെലെയില്‍ നിന്നുള്ള പാസ് സ്വീകരിച്ചായിരുന്നു മെസ്സി ഗോള്‍ നേടിയത്.

തുടര്‍ന്ന് നാലുമിനുറ്റുകള്‍ക്ക് ശേഷം റയലിന്റെ വല ഒരിക്കല്‍ക്കൂടി കുലുങ്ങി. ഇത്തവണയും മെസ്സിയുടെ ബൂട്ടില്‍ നിന്നായിരുന്നു ഗോള്‍. പരുക്കന്‍ കളിയായിരുന്നു ഇരു ടീമുകളും പുറത്തെടുത്തത്.

അറുപത്തിയൊന്നാം മിനുറ്റില്‍ റയലിന്റെ പെപിന് പുറത്തുപോവേണ്ടി വന്നു. തീരുമാനത്തെ ചോദ്യം ചെയ്ത കോച്ച് ജോസ് മൗറീന്യോയ്ക്കും റഫറിയുടെ കൈയ്യില്‍ നിന്നും കണക്കിന് കിട്ടി. പരാതിയുന്നയിച്ച കോച്ചിനോട് സ്റ്റാന്‍ഡിലേക്ക് കയറിപ്പോകാനാണ് റഫറി ആവശ്യപ്പെട്ടത്.