കോല്‍ക്കത്ത: സന്തോഷത്താല്‍ ആര്‍പ്പ് വിളികളും ആനന്ദ നൃത്തവും ആനന്ദ കണ്ണീരും പൊഴിച്ച് കൊല്‍ക്കത്തയിലെ അനേകായിരം വരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ സോക്കര്‍ ലോകത്തെ രാജകുമാരനെ വരവേറ്റു. വെനസ്വേലക്കെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തിനായി അര്‍ജന്റീനയുടെ സുപ്പര്‍ താരം ലയണല്‍ മെസി കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ കൊല്‍ക്കത്തയില്‍ വിമാനമിറങ്ങി.

ബുധനാഴ്ച പുലര്‍ച്ചയോടെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ബാര്‍സലോണയിലെ സഹതാരം ജാവിയര്‍ മസ്‌കരാനോയോടൊപ്പം മെസ്സി എത്തിച്ചേര്‍ന്നത്. സ്പാനിഷ് ലീഗില്‍ വിയ്യാ റയിലിനെതിരെയുള്ള തകര്‍പ്പന്‍ ജയത്തിന് ശേഷമാണ് ഇരുവരും ഇന്ത്യയിലേക്ക് വിമാനം കയറിയത്. മെസ്സി രണ്ട് ഗോള്‍ നേടിയ മത്സരത്തില്‍ 5-0ത്തിനായിരുന്നു ബാഴ്‌സയുടെ ജയം.

കോച്ച് സെബല്ലോ, മറഡോണയുടെ മരുമകനും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റനിരക്കാരനുമായ സെര്‍ജിയോ അഗ്വിറോ, റയല്‍ മാഡ്രിഡിനു കളിക്കുന്ന സ്‌ട്രൈക്കര്‍ ഹിഗ്വയ്ന്‍, സഹതാരം ഡിമരിയ,ഇന്റര്‍ മിലാന്‍ മിഡ്ഫീല്‍ഡര്‍ റിക്കാര്‍ഡോ അല്‍വാരെസ്, വെറ്ററന്‍ താരം ജൊനാസ് ഗുട്ടിറെസ്, എന്നിവരടക്കമുള്ള 30 അംഗ സംഘം നേരത്തെ കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് ഏഴിന സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് വെനസ്വേല- അര്‍ജന്റീന മത്സരം നടക്കുക. ഇന്ത്യയില്‍ ആദ്യമായാണ് രണ്ടു ലാറ്റിനമേരിക്കന്‍ ശക്തികള്‍ രാജ്യാന്തര പ്രദര്‍ശന മല്‍സരത്തില്‍ മാറ്റുരയ്ക്കുന്നത്.