മാഡ്രിഡ്: അത്യന്തം ആവേശകരമായ മത്സരത്തിനൊടുവില്‍ ചിരവൈരികളായ റയല്‍ മഡ്രിഡിനെ രണ്ടാം പാദ മത്സരത്തില്‍ 3-2ന് തോല്‍പ്പിച്ച് ബാഴ്‌സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം ചൂടി. ഇതോടെ ഇരുപാദ മത്സരത്തില്‍ 5-4ന്റെ മികവിലാണ് ബാഴ്‌സയുടെ വിജയം. നേരത്തെ ആദ്യപാദ മത്സരത്തില്‍ രണ്ട് ഗോളുകള്‍ വീതമടിച്ച് ഇരുടീമുകളും സമനില പാലിച്ചിരുന്നു.

കളിതുടങ്ങി പതിനാലാം മിനിറ്റില്‍ ബാഴ്‌സയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ട് പ്രതിരോധനിരക്കാരെ വെട്ടിച്ച് മെസ്സി നല്‍കിയ പാസ്സ് ഇനിയേസ്റ്റ റയല്‍ ഗോളി കസീയസിനെ മറികടന്ന് വലയിലാക്കുകയായിരുന്നു(1-0). ബാഴ്‌സ ആരാധകരുടെ ആഘോഷം അധിക നേരം നീണ്ടില്ല.

പതിനെട്ടാം മിനിറ്റില്‍ റയല്‍ ഗോള്‍ മടക്കി. കോര്‍ണര്‍കിക്കില്‍ നിന്നും കിട്ടിയ പന്ത് സൂപ്പര്‍താരം റൊണാള്‍ഡോ ഗോളിലേക്ക് തിരിച്ച് വിട്ടു(1-1). ആദ്യ പകുതി തീരാന്‍ മിനിട്ടുകള്‍ ശേഷിക്കേ മെസ്സിയിലൂടെ ബാഴ്‌സ വീണ്ടും ലീഡ് നേടി. പിഖെയില്‍ നിന്നും ലഭിച്ച പന്ത് ഉഗ്രനൊരു വലംകാല്‍ ഷോട്ടിലൂടെ മെസ്സി ഗോളാക്കുകയായിരുന്നു(2-1).

രണ്ടാം പകുതിയില്‍ ബാഴ്‌സ വ്യക്തമായ ആധിപത്യത്തിലേക്ക് നീങ്ങിയപ്പോള്‍ പരുക്കന്‍ അടവുകളോടെ തടയിടാന്‍ റയല്‍ താരങ്ങള്‍ മുതിര്‍ന്നത് പല നാടകീയ രംഗങ്ങള്‍ക്കും ഇടയാക്കി. റയലിന്റെ മാര്‍സലോയും, ഒസിലും ബാഴ്‌സയുടെ ഡേവിഡ് വിയ്യയും ചുവപ്പ് കാര്‍ഡ് കണ്ടു.

82-ാം മിനിറ്റില്‍ കരീം ബെന്‍സീമിയയിലൂടെ റയല്‍ ഒരിക്കല്‍ കൂടി ഗോള്‍ സ്‌കോര്‍ തുല്യതയിലാക്കി(2-2). എന്നാല്‍ കളിതീരാന്‍ മൂന്ന് മിനിറ്റ് മാത്രം അവശേഷിക്കെ ഒരിക്കള്‍ കൂടി റയല്‍ വലയില്‍ ബോളെത്തിച്ച് മെസി ബാഴ്‌സയെ വിജയതീരത്തടുപ്പിച്ചു(3-2). ഏഴ് വര്‍ഷത്തിനുള്ളില്‍ അഞ്ചാം തവണയും ബാഴ്‌സക്ക് സൂപ്പര്‍കപ്പ്.