എഡിറ്റര്‍
എഡിറ്റര്‍
41 ഗോള്‍ മെസ്സിയും ക്രിസ്റ്റിയാനോയും ഒപ്പത്തിനൊപ്പം
എഡിറ്റര്‍
Monday 16th April 2012 10:05am

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ഒരു സീസണില്‍ 41 ഗോള്‍ എന്ന റെക്കോര്‍ഡ് നേട്ടവുമായി ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയും റയല്‍മാഡ്രിഡിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ക്രിസ്റ്റിയാനോ 41ലെത്തിയ അതേ രാത്രിയാണ് മെസ്സിയും ചരിത്രം കുറിച്ചത്.

കഴിഞ്ഞ സീസണില്‍ 40 ഗോളുമായി ടോപ് സ്‌കോററായ പോര്‍ചുഗീസ് സ്‌ട്രൈക്കര്‍ സ്‌പോര്‍ട്ടിങ് ഡീ ജിയോണിനെതിരെ ശനിയാഴ്ച രാത്രി മഡ്രിഡില്‍ നടന്ന കളിയിലാണ് സ്വന്തം റെക്കോര്‍ഡ് തകര്‍ത്തത്.

ബുധനാഴ്ച അറ്റ്‌ലറ്റികോ മഡ്രിഡിനെതിരെ നേടിയ ഹാട്രിക്കിലൂടെ ഇത്തവണയും 40ലെത്തിയ ക്രിസ്റ്റിയാനോ സ്‌പോര്‍ട്ടിങ്ങിനെതിരെ 74ാം മിനിറ്റില്‍ ലക്ഷ്യം കാണുകയായിരുന്നു. 39 ഗോളുമായി ക്രിസ്റ്റിയാനോക്ക് തൊട്ടുപിന്നിലുണ്ടായിരുന്ന മെസ്സി വയലന്‍സിയയില്‍ ലെവ്#റക്കെതിരെ ശനിയാഴ്ച രാത്രിതന്നെ നടന്ന മത്സരത്തിലെ ഇരട്ടഗോള്‍ അര്‍ജന്റീന സ്‌ട്രൈക്കറെ എതിരാളക്കൊപ്പമെത്തിച്ചു.

64ാം മിനിറ്റില്‍ ബാഴ്‌സക്കുവേണ്ടി അക്കൗണ്ട് തുറന്ന മെസ്സി, 72ല്‍ ലഭിച്ച പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ചാണ് 41ാം ഗോള്‍ സ്വന്തമാക്കിയത്.

സ്പാനിഷ് ലീഗിന്റെ ഈ സീസണില്‍ 107 ഗോളാണ് റയല്‍ മാഡ്രിഡ് ഇതുവരെ നേടിയിരിക്കുന്നത്. ഇതോടെ 1989-90ല്‍ റയല്‍ തന്നെ കുറിച്ച 107 ഗോള്‍ എന്ന റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് ടീം.

ലാലിഗയില്‍ ഇരുടീമിനും ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ മെസ്സി-ക്രിസ്റ്റിയാനോ ഗോള്‍ പോര് അരങ്ങുതകര്‍ക്കുന്നത് കാത്തിരുന്ന് കാണാം.

Advertisement