എഡിറ്റര്‍
എഡിറ്റര്‍
എന്റെ പേര് റാഷിദ.. റോഹിങ്ക്യയില്‍ നിന്ന് ലോകത്തിനൊരു സന്ദേശം
എഡിറ്റര്‍
Tuesday 12th September 2017 8:53pm

ഒരു ചെറിയ ബോട്ടിലായിരുന്നു ഞങ്ങള്‍ അതിര്‍ത്തി കടന്നത്. അപകടാവസ്ഥയിലായ ആ ബോട്ട് മുങ്ങിപ്പോകുമെന്ന ഭയത്താല്‍ ഞാന്‍ എന്റെ മക്കളെ മുറുകെ പിടിച്ചു.


എന്റെ പേര് റാഷിദ, എനിയ്ക്ക് 25 വയസുണ്ട്. അരാകന്‍ കലാപം നടക്കുന്നതിനുമുമ്പ് ലളിതവും ശാന്തവുമായ ജീവിതമായിരുന്നു ഞാന്‍ നയിച്ചിരുന്നത്. ഞങ്ങളുടെ വയലില്‍ കൃഷി ചെയ്ത് ഭര്‍ത്താവിനും മൂന്നു കുട്ടികള്‍ക്കൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് മുമ്പ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്.

ഇപ്പോള്‍ എല്ലാം വിട്ടു. ഞങ്ങളുടെ വീടും നെല്‍പാടവും അഗ്‌നിക്കിരയാക്കി, ഇനി ഞങ്ങള്‍ക്കവിടെ ജീവിക്കാന്‍ കഴിയില്ല.

ഗ്രാമത്തില്‍ സൈന്യം വെടിവെയ്പ് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ കുട്ടികളെ ഒരു കാട്ടിലൊളിപ്പിക്കുകയായിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ നിരവധിപേര്‍ മരിച്ചുകിടക്കുന്നത് എന്റെ കണ്‍മുമ്പില്‍ കണ്ടു.

അതിര്‍ത്തിയിലെത്തുന്നതുവരെ കാട്ടിലൂടെ ഞങ്ങള്‍ എട്ടു ദിവസം നടന്നു. വിശന്നു വലഞ്ഞ ഞങ്ങള്‍ക്ക് കഴിക്കാന്‍ മരത്തിലെ ഇലകളല്ലാതെ മറ്റൊന്നുമില്ലായിരുന്നു. കുട്ടികള്‍ ഭക്ഷണം ചോദിച്ചു കരയുമ്പോള്‍ അവര്‍ക്ക് കൊടുക്കാന്‍ ഞങ്ങളുടെ കൈയില്‍ ഒന്നുമില്ലായിരുന്നു.

ഒരു ചെറിയ ബോട്ടിലായിരുന്നു ഞങ്ങള്‍ അതിര്‍ത്തി കടന്നത്. അപകടാവസ്ഥയിലായ ആ ബോട്ട് മുങ്ങിപ്പോകുമെന്ന ഭയത്താല്‍ ഞാന്‍ എന്റെ മക്കളെ മുറുകെ പിടിച്ചു.

ബംഗ്ലാദേശില്‍ ഞാന്‍ സന്തോഷവതിയല്ല, വീടും ഒരു ഏക്കറോളം വരുന്ന നെല്‍പാടവും വളര്‍ത്തുമൃഗങ്ങളും ആ ഗ്രാമത്തില്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അതെല്ലാം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു, ഞങ്ങളുടെ മാനസികാവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.

എനിയ്‌ക്കെന്റെ വീട് നഷ്ടപ്പെട്ടു. ഭാവിയെന്താകുമെന്ന് ഒരു പിടിയുമില്ല, ഇവിടെ ഞങ്ങള്‍ക്ക് പ്രതീക്ഷയില്ല.

ഇവിടെ നിന്ന് ഞങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. ബംഗ്ലാദേശിലെ ജനങ്ങള്‍ ദയാലുക്കളാണ്. അവര്‍ ഭക്ഷണവും വസ്ത്രവും ഞങ്ങള്‍ക്ക് തരുന്നുണ്ട്. എന്നാല്‍ ഒരു അന്താരാഷ്ട്ര സംഘടനയേയും സഹായത്തിനായി കാണുന്നില്ല. അവര്‍ ഞങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണം വേണം.

ഞങ്ങള്‍ക്ക് സമാധാനം വേണം… സമാധാനമില്ലാതെ ഞങ്ങള്‍ക്ക് ഭാവിയില്ല എന്നാണ് എനിയ്ക്ക് പുറംലോകത്തുള്ളവരോട് പറയാനുള്ളത്.

 

മ്യാന്‍മറിലെ റോഹിങ്ക്യകളുടെ കാഴ്ച

മ്യാന്‍മര്‍ സൈന്യത്തിന്റെ വംശഹത്യയെത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം ഏകദേശം 2,70,000 പേരാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്.

ഐക്യരാഷ്ടസഭയും മനുഷ്യാവകാശ സംഘടനകളും കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഗ്രാമങ്ങള്‍ അഗ്‌നിക്കിരയാക്കുന്നതുമെല്ലാം വംശീയ വെടിപ്പാക്കലിന്റെ സൂചകങ്ങളാണെന്ന് പറഞ്ഞിരുന്നു. അക്രമം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്രസമൂഹം ആങ് സാന്‍ സൂകി സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യു.എന്‍ അഭ്യര്‍ത്ഥിച്ചു.

വംശീയ വെടിപ്പാക്കലിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മ്യാന്‍മറില്‍ നടക്കുന്നത് യു.എന്‍ മനുഷ്യാവകാശത്തലവന്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ പ്രസ്താവിച്ചിരുന്നു.

കടപ്പാട്: അല്‍ജസീറ

മൊഴിമാറ്റം: ജിതിന്‍

 

Advertisement