മലപ്പുറം: പൊന്നാനി എം.ഇ.എസ് കോളജ് മാഗസിനായ ‘മുലമുറിക്കപ്പെട്ടവര്‍’ പ്രസിദ്ധീകരിക്കുന്നത് വിലക്കിയ സംഭവത്തില്‍ വിശദീകരണവുമായി കോളജ് പ്രിന്‍സിപ്പല്‍. മാഗസിന്റെ പേരോ, ഉള്ളടക്കമോ മാറ്റാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കവര്‍ പേജുള്‍പ്പെടെ മൂന്നു പേജുകളിലെ ചിത്രങ്ങള്‍ മാറ്റാനാണ് ആവശ്യപ്പെട്ടെന്നും പ്രിന്‍സിപ്പല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മാഗസിന്റെ പേര് മാറ്റാന്‍ ആവശ്യപെട്ടെന്ന പേരില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മുന്നോളം പേജുകളിലെ ചിത്രങ്ങള്‍ റീ-ഡിസൈന്‍ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.


Must Read: ‘അപാരതയെ ആഘോഷിക്കുന്നവരോട്’ ഇത് നമ്മുടെ എസ്.എഫ്.ഐ അല്ല: ടി.പി ബിനീഷ്


പൊന്നാനിയുടെ യാഥാസ്ഥിതിക അന്തരീക്ഷത്തില്‍ മാഗസിനുലുള്ള ചില ചിത്രങ്ങള്‍ പ്രതിലോമപരമായ ചര്‍ച്ചകള്‍ക്ക് വിധേയമാകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇത്തരമൊരു നടപടിക്കു പിന്നില്‍ എന്നും അദ്ദേഹം വിശദീകരിക്കുന്നു.

വരകള്‍ മാറ്റാന്‍ നിര്‍ദേശിച്ച നടപടി സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് സ്വീകരിച്ചതാണ്. വിവാദമുണ്ടാകാന്‍ സാധ്യതയുള്ള ചില പേജുകളിലെ വരകള്‍ മാറ്റി ഡിസൈന്‍ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്.

തുടര്‍ന്ന് ഈ ആവശ്യം സ്റ്റുഡന്റ് എഡിറ്ററേയും അന്നത്തെ യൂണിയന്‍ ചെയര്‍മാനെയും മാഗസിന്‍ കണ്‍വീനറെയും കോളേജ്സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലേക്ക് വിളിച്ചുവരുത്തി അറിയിച്ചു. അത് അംഗീകരിക്കാന്‍ അവര്‍ തയാറായില്ല. വരകളുടെ കാര്യത്തില്‍ ഒരു തിരുത്ത് സാധ്യമല്ലെന്ന കാര്യവും അവര്‍ അറിയിച്ചു. പിന്നീടും നിരവധിചര്‍ച്ചകള്‍ നടന്നെങ്കിലും മാഗസിന്‍ സമിതി സ്വയം പ്രിന്റിങ്ങുമായി മുന്നോട്ടു പോകുമെന്ന് അറിയിക്കുകയാണ് ചെയ്തതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

മാഗസിന്‍ കോളേജ് മാനേജ്‌മെന്റ് തടഞ്ഞു എന്നും പ്രശ്‌നത്തില്‍ മത മൗലികവാദികള്‍ കോളജ് അധികാരികളെ സ്വാധീനിക്കുന്നു എന്നുള്ള വാര്‍ത്തയും ശരിയല്ല. പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ കോളേജ് മാനേജ്‌മെന്റിന്റെയും രക്ഷാകര്‍തൃ സമിതിയുടെയും അഭിപ്രായം ആരായുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മാഗസിന്‍ ഫണ്ട് മാനേജ്‌മെന്റ് തടഞ്ഞു എന്ന രീതിയില്‍ വന്ന വാര്‍ത്തയും വസ്തുതാ വിരുദ്ധമാണ്. മാഗസിന്‍ കോളേജിന്റെ ഔദ്യോഗിക മാഗസിന്‍ അല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മാഗസിന്‍ ഫീസ് ഇനത്തില്‍ പിരിച്ചെടുത്ത് ട്രഷറിയില്‍ അടച്ചിരിക്കുന്ന തുക സര്‍ക്കാര്‍ പരിശോധനക്ക് വിധേയമാണെന്നതിനാല്‍ പ്രിന്‌സിപ്പാളിനു നല്‍കാനാകില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

പേരിലും കവര്‍ ചിത്രങ്ങളിലും ലൈംഗികതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോളജ് മാഗസിന് മാനേജ്‌മെന്റ് വിലക്കേര്‍പ്പെടുത്തിയതെന്നാണ് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ നേരത്തെ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.

മാഗസിന്റെ പേരില്‍ മുല എന്ന പദം ഉപയോഗിച്ചതിനും ഉള്‍പ്പേജുകളില്‍ ഏകദേശം പന്ത്രണ്ടോളം ചിത്രങ്ങളില്‍ മുല മുറിക്കുന്ന സ്ത്രീകളെ ചിത്രീകരിച്ചതിനെതിരെയുമാണ് മാനേജ്‌മെന്റ് രംഗത്തെത്തിയതെന്നും ഷ്മീര്‍ പറഞ്ഞിരുന്നു.

കോളേജ് അധികൃതരുടെ ഒരു അനുമതിയും ഇല്ലാതെയാണ് ഇപ്പോള്‍ മാഗസിന്‍ പ്രിന്റ് ചെയ്തു വിതരണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.