Categories
chemmannoor

അധികാരം തെമ്മാടിത്തം കാണിക്കാന്‍ ഉപയോഗിക്കുമ്പോള്‍ നഷ്ടം ജനതയ്ക്കാണ്: ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ട്രംപിനെ വിമര്‍ശിച്ച് മെറില്‍ സ്ട്രീപ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

streep

എല്ലാവര്‍ക്കും നന്ദി. നന്ദി. ഇരിക്കൂ, ദയവുചെയ്ത് ഇരിക്കൂ. നന്ദി. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. പക്ഷേ നിങ്ങള്‍ എന്നോട് പൊറുക്കണം. കഴിഞ്ഞ വാരാന്ത്യത്തില്‍ ഒച്ചയിട്ടും, കൂക്കിയാര്‍ത്തും എന്റെ ശബ്ദം അടഞ്ഞിരിക്കുന്നു. ഈ വര്‍ഷത്തിന്റെ ആദ്യദിവസങ്ങളില്‍ എന്റെ മനസ്സും എവിടെയോ നഷ്ടമായിരിക്കുന്നു. അതിനാല്‍ ഞാന്‍ വായിക്കാം.

ആംഗലേയ സിനിമാലോകത്തിലെ വിദേശമാധ്യമങ്ങളേ നന്ദി. ഹുഗ് ലാറി പറഞ്ഞ ഒരു കാര്യത്തില്‍നിന്ന് തുടങ്ങുകയാണെങ്കില്‍, നിങ്ങളും ഈ മുറിയിലിരിക്കുന്ന എല്ലാവരും, ഇന്ന് അമേരിക്കന്‍ സമൂഹത്തിലെ ഏറ്റവും അവഹേളിക്കപ്പെടുന്ന വിഭാഗക്കാരാണ്. അതിനെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ, ഹോളിവുഡ്ഡേ, വിദേശികളേ, മാധ്യമങ്ങളേ. ആരാണ് നമ്മള്‍? പോട്ടെ, എന്താണ് ഈ ഹോളിവുഡ്ഡ്? മറ്റേതൊക്കെയോ സ്ഥലങ്ങളില്‍നിന്നുള്ള ഒരു സംഘമാളുകള്‍.


Must Read:‘ഹിന്ദു മത സംസ്‌കാര പ്രകാരം ഒരാള്‍ തന്റെ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പമാണ് ജീവിക്കേണ്ടത്’: മോദിയ്ക്ക് ഉപദേശവുമായി കെജ്രിവാള്‍


ഞാന്‍ ജനിച്ചതും, വളര്‍ന്നതും വിദ്യയഭ്യസിച്ചതും ന്യൂ ജഴ്‌സിയിലെ പൊതുവിദ്യാലയത്തില്‍നിന്നാണ്. ഒരു പാട്ടകൃഷിക്കാരന്റെ വീട്ടില്‍ ജനിച്ച്, പിന്നീട് റോഡ് ഐലന്റിലെ സെന്‍ട്രല്‍ ഫാള്‍സില്‍ വന്നവളാണ് വയോള്‍ (ഡേവിസ്). സാറാ പോള്‍സണാകട്ടെ ഫ്‌ലോറിഡയില്‍ ജനിച്ച് അമ്മയാല്‍ മാത്രം സംരക്ഷിക്കപ്പെട്ട് ബ്രൂക്ള്‍ലിനില്‍ വളര്‍ന്നവള്‍. ഒഹായോയിലെ ഒരു കുടുംബത്തിലെ ഏഴോ എട്ടോ കുട്ടികളില്‍ ഒരാളായിരുന്നു സാറാ ജെസീക്കാ പാര്‍ക്കര്‍. ആമി ആഡംസ് ജനിച്ചത്, ഇറ്റലിയിലെ വെനീറ്റോയില്‍. നതാലീ പോര്‍ട്ട്മാന്‍ ജനിച്ചത്, ജറുസലേമില്‍. എവിടെയാണ് അവരുടെയൊക്കെ ജനനസര്‍ട്ടിഫിക്കറ്റുകള്‍?
streep
ആ സുന്ദരി റുത്ത് നെഗ്ഗ എത്യോപ്പയിലെ ആഡിസ് അബാബയില്‍ നിന്ന്; വളര്‍ന്നത്, എനിക്ക് തോന്നുന്നു അയര്‍ലണ്ടിലും. വിര്‍ജീനിയയിലെ ഒരു ചെറിയ പട്ടണത്തിലെ പെണ്ണായിട്ട് അഭിനയിച്ചതിനാണ് ഇന്ന് അവളെ ഇവിടെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. എല്ലാ നല്ലവരേയും പോലെ നല്ലവളായ റയാന്‍ ഗോസ്ലിങ് കാനഡയില്‍നിന്നാണ്. ടാസ്മാനിയയില്‍ വളര്‍ന്ന ഇന്ത്യക്കാരന്റെ വേഷമഭിനയിച്ച ദേവ് പട്ടേല്‍ ജനിച്ചത് കെനിയയിലും വളര്‍ന്നത് ലണ്ടനിലും.

അപ്പോള്‍, ഹോളിവുഡ്ഡില്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് വരത്തന്മാരും വിദേശികളുമാണ്. അവരെയൊക്കെ ചവുട്ടിപ്പുറത്താക്കിയാല്‍ പിന്നെ നമുക്ക് കാണാന്‍, കലകളല്ലാത്ത കാല്‍പ്പന്തുകളിയും ആയോധനകലകളും മാത്രമേ ബാക്കിയുണ്ടാവൂ. അവര്‍ എനിക്ക് സംസാരിക്കാന്‍ മൂന്നുമിനുട്ടാണ് തന്നിരിക്കുന്നത്. നമ്മളില്‍നിന്ന് വ്യത്യസ്തരായ മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രവേശിക്കുകയും അതെങ്ങിനെയുണ്ടാവുമെന്ന് നിങ്ങളെ അനുഭവിപ്പിക്കുകയും ചെയ്യുക എന്നതാണ് ഒരു അഭിനേതാവിന്റെ തൊഴില്‍. കൃത്യമായും അതുതന്നെ ചെയ്ത, നിരവധി, നിരവധി സിനിമകള്‍ ഈ വര്‍ഷമുണ്ടായിട്ടുണ്ട്. വീര്‍പ്പുമുട്ടിക്കുന്ന, ആത്മാര്‍ത്ഥമായ പ്രകടനങ്ങള്‍.

എന്നാല്‍, എന്നെ ഞെട്ടിച്ചുകളഞ്ഞ ഒരു പ്രകടനം ഈ വര്‍ഷമുണ്ടായി. അത്, അത് എന്റെ ഹൃദയത്തെ കൊളുത്തിവലിച്ചു. നല്ലതായതുകൊണ്ടല്ല. അതില്‍ നല്ലതെന്ന് പറയാന്‍ ഒന്നുമില്ല. പക്ഷേ അത് ഫലപ്രദമായിരുന്നു. അത് അതിന്റെ ജോലി ചെയ്തു. ആരെ കാണിക്കാനാണോ ഉദ്ദേശിച്ചത്, അവര്‍ ചിരിക്കുകയും പല്ലുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

trump1

തന്നേക്കാള്‍ പരിമിതമായ അവകാശങ്ങളും അധികാരവും തിരിച്ചടിക്കാനുള്ള ശേഷിയും മാത്രമുള്ള ഭിന്നശേഷിക്കാരനായ ഒരു റിപ്പോര്‍ട്ടറോട്, ഈ രാജ്യത്തെ ഏറ്റവും ബഹുമാന്യമായ പദവിയിലിരിക്കാന്‍ പോകുന്ന ഒരാള്‍ കാഴ്ചവെച്ച പ്രകടനമായിരുന്നു അത്. അത് കണ്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു. എന്റെ മനസ്സില്‍നിന്ന് അത് പോകുന്നതേയില്ല. കാരണം, അത് സംഭവിച്ചത് സിനിമയിലല്ല. ജീവിതത്തിലായിരുന്നു.

അപമാനിക്കാനുള്ള ഈ പ്രവണത, പ്രത്യേകിച്ചും പൊതുവേദിയില്‍വെച്ച്, അധികാരസ്ഥാനത്തുള്ള ഒരാളില്‍നിന്ന് വരുമ്പോള്‍, അത് എല്ലാവരുടേയും ജീവിതത്തിലേക്ക് അരിച്ചിറങ്ങുന്നു. അനാദരവ് അനാദരവിനെ ക്ഷണിച്ചുവരുത്തുന്നു. അക്രമം അക്രമത്തിനെ പ്രചോദിപ്പിക്കുന്നു. അധികാരമുള്ളവന്‍, തന്റെ പദവി, മറ്റുള്ളവരോട് തെമ്മാടിത്തം കാണിക്കാന്‍ ഉപയോഗിക്കുമ്പോള്‍, നഷ്ടപ്പെടുന്നത് നമുക്കെല്ലാവര്‍ക്കുമാണ്.

അതുപോട്ടെ.

മാധ്യമങ്ങളിലേക്കാണ് ഇത് എന്നെ കൊണ്ടുചെന്നെത്തിക്കുന്നത്. അധികാരത്തെ ചോദ്യം ചെയ്യാനും, കൈയ്യേറ്റങ്ങളുണ്ടാവുമ്പോള്‍ ഉത്തരം പറയിക്കാനും പ്രതിബദ്ധതയുള്ള മാധ്യമങ്ങള്‍ നമുക്ക് ആവശ്യമാണ്. അതുകൊണ്ടാണ്, അതുകൊണ്ടാണ് നമ്മുടെ പൂര്‍വ്വികര്‍ മാധ്യമങ്ങളെയും അതിന്റെ സ്വാതന്ത്ര്യത്തെയും നമ്മുടെ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്തത്.

അതുകൊണ്ട്, മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള സമിതിയെ പിന്തുണയ്ക്കുന്നതിന് എന്നോടൊപ്പം അണിചേരാന്‍, ഹോളിവുഡ്ഡിലെ ഈ പ്രശസ്തരും ധനികരുമായ വിദേശമാധ്യമങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കാരണം, മുന്നോട്ട് പോകാന്‍ നമുക്ക് അവരെ ആവശ്യമുണ്ട്. സത്യം സംരക്ഷിക്കാന്‍ അവര്‍ക്ക് നമ്മളെയും ആവശ്യം വരും.

ഒരുകാര്യം കൂടി. ഒരിക്കല്‍, ഒരു സിനിമയുടെ സെറ്റില്‍ എന്തോ ഒന്നിനെക്കുറിച്ച് ഞാന്‍ വേവലാതിപ്പെട്ടുകൊണ്ടിരുന്നപ്പോള്‍; നിങ്ങള്‍ക്കറിയാമല്ലോ, ചിലപ്പോള്‍ അത്താഴം കഴിഞ്ഞും, നീണ്ട മണിക്കൂറുകള്‍ ജോലിചെയ്യേണ്ടിവരാറുണ്ട്; അങ്ങിനെയുള്ള ഒരവസരത്തില്‍, ടോമി ലീ ജോണ്‍സ് എന്നോട് ചോദിച്ചു, ”മെറില്‍, ഒരു അഭിനേതാവായിരിക്കുക എന്നത് ഒരു വിശേഷാവകാശമാണല്ലേ” എന്ന്. അതെ. ആണ്.

വിശേഷാവകാശങ്ങളെയും സഹാനുഭൂതിയോടുള്ള നമ്മുടെ ഉത്തരവാദിത്ത്വങ്ങളെയും കുറിച്ച്, നമ്മള്‍ പരസ്പരം എപ്പോഴും ഓര്‍മ്മിപ്പിക്കണം. നമ്മുടെ തൊഴിലിന് ഹോളിവുഡ്ഡ് ഇന്ന് രാത്രി നമുക്ക് ചാര്‍ത്തിത്തരുന്ന ഈ ബഹുമതിയെക്കുറിച്ച് നമ്മള്‍ അഭിമാനം കൊള്ളണം.

മണ്മറഞ്ഞുപോയ എന്റ് പ്രിയ സ്‌നേഹിത, ലെയ പ്രിന്‍സസ്സ് എന്നോടൊരിക്കല്‍ പറഞ്ഞതുപോലെ, ‘മുറിവേറ്റ നിന്റെ ഹൃദയമെടുത്ത് അതിനെ കലയാക്കി മാറ്റുക’

കടപ്പാട്: രാജീവ് ചേലനാട്ട് ഫേസ്ബുക്ക് പോസ്റ്റ്‌

Tagged with: |