എഡിറ്റര്‍
എഡിറ്റര്‍
മേരികോം തോറ്റു: ഇനി യോഗ്യതയ്ക്കായുള്ള കാത്തിരിപ്പ്
എഡിറ്റര്‍
Thursday 17th May 2012 9:18am

ക്വിന്‍ഹുവാങ്‌ദോ(ചൈന):  ഇന്ത്യയുടെ മേരി കോമിന് ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ തോല്‍വി. ഇംഗ്ലണ്ടിന്റെ നിക്കോള ആഡംസിനോടാണ് മേരി തോല്‍വി സമ്മതിച്ചത്.  11-13 ന് ആയിരുന്നു മേരിയുടെ തോല്‍വി. ഇതോടെ, മേരിയുടെ ലണ്ടന്‍ ഒളിമ്പിക്‌സ് യോഗ്യതയ്ക്കായുള്ള കാത്തിരിപ്പ് ഇനിയും തുടരേണ്ടിവരും.

2001ല്‍ ആരംഭിച്ച ലോകചാമ്പ്യന്‍ഷിപ്പില്‍ ഇതേവരെ നടന്ന അഞ്ചെണ്ണത്തിലും മേരി വിജയിച്ചിരുന്നു. 2001ല്‍ വെള്ളിമെഡലും നേടി. ആദ്യമായാണ് മെഡലില്ലാതെ ഇന്ത്യന്‍താരം ലോകവേദിയില്‍നിന്ന് മടങ്ങുന്നത്. ലോക രണ്ടാം നമ്പറായ നിക്കോളയോട് നാലു റൗണ്ട് പോരാട്ടത്തില്‍ വെറും രണ്ടു പോയിന്റിന്റെ വ്യത്യാസത്തിലായിരുന്നു ഇന്ത്യന്‍ താരം തോറ്റത്.

നാലു റൗണ്ടില്‍ രണ്ടെണ്ണത്തില്‍ മേരിയും നിക്കോളയും തുല്യ പോയിന്റ് നേടിയപ്പോള്‍ മറ്റു രണ്ടെണ്ണത്തില്‍ നിക്കോളിന് ഓരോ പോയിന്റിന്റെ ലീഡു നേടാനായി. ഈ പോയിന്റുകള്‍ അന്തിമഫലത്തില്‍ നിര്‍ണായകമായി.

ഇനിയും മേരിക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്. നിക്കോള ആദംസ് സെമിയില്‍ റഷ്യയുടെ എലേന സവല്യേവയെ പരാജയപ്പെടുത്തുകയാണെങ്കില്‍, മേരിക്ക് ഒളിമ്പിക് യോഗ്യത കൈവരും.

51, 60, 75 കിലോ വിഭാങ്ങളില്‍ മാത്രമാണ് ഒളിമ്പിക്‌സില്‍ വനിതാ ബോക്‌സിങ് ഉള്ളത്. 60 കിലോ വിഭാഗത്തില്‍ മത്സരിച്ച എല്‍. സരിതാ ദേവിക്കും മേരിയുടെ അതേ കാത്തിരിപ്പ് തന്നെയാണ് വേണ്ടത്. ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട സരിതയ്ക്ക്, തന്നെ തോല്‍പിച്ച ഇംഗ്ലണ്ടിന്റെ നതാഷ ജോനാസ് സെമിയില്‍ വിജയിച്ചാല്‍ മാത്രമേ ലണ്ടനിലേക്ക് യോഗ്യത നേടാനാവൂ.

51 കിലോ വിഭാഗത്തില്‍ ഏഷ്യയ്ക്ക് രണ്ടുപേരെയാണ് ഒളിംപിക്‌സിന് അയയ്ക്കാവുന്നത്. ഏഷ്യന്‍ ഗെയിംസ് ചാംപ്യനായ ചൈനയുടെ റെന്‍ കാന്‍കന്‍ യോഗ്യത നേടിയതോടെ ഇനി ഒറ്റ ഒഴിവു മാത്രമേയുള്ളൂ.

Advertisement