mere-dilhan-ki-duniyaമുംബൈ: പത്രങ്ങളിലെ വൈവാഹിക പംക്തിയിലെ പരസ്യങ്ങള്‍ കാണുമ്പോള്‍ അതിലൊരു സിനിമയുണ്ടെന്ന് നമുക്ക് തോന്നാറില്ല. എന്നാല്‍ ബോളിവുഡ് നവാഗത സംവിധായകന്‍ അലി അബ്ബാസ് സഫറിന് തോന്നിയിട്ടുണ്ട്. ഈ തോന്നലാണ് മേരെ ബ്രദര്‍ കീ ദുല്‍ഹന്‍ എന്ന ചിത്രമായി മാറിയത്.

തന്റെ പുതിയ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് അബ്ബാസ് വെളിപ്പെടുത്തുന്നതിനങ്ങനെയാണ്. ഞാറാഴ്ചത്തെ പത്രത്തോടൊപ്പം ലഭിക്കുന്ന വൈവാഹിക പംക്തി ഞാനെന്നും ശ്രദ്ധിക്കാറുണ്ടായിരുന്നു. ഏറെ സര്‍ഗാത്മകമായ പേജാണത്. വധുവിനെയും വരനെയും ആവശ്യപ്പെട്ടുകൊണ്ട് പല പരസ്യങ്ങളുമുണ്ടാകും. അതില്‍ എല്ലാ ഹിന്ദു, മുസ് ലീം, സിക്ക് തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടേയും പരസ്യങ്ങളുണ്ടാവും. എന്നാല്‍ ഇവയുടേതെല്ലാം ഉള്ളടക്കം ഏതാണ്ട് ഒരേപോലെയായിരിക്കും.

ഇന്ത്യയെ മുഴുവന്‍ ഈ പേജില്‍ കാണാം. വളരെ രസകരമാണിത്. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് ഒരു സിനിമ ചെയ്താല്‍ അതും ആളുകളെ രസിപ്പിക്കുമെന്നതില്‍ എനിക്ക് സംശയമുണ്ടായിരുന്നില്ല.

പരസ്യങ്ങള്‍ക്കു പുറമേ ഹൃഷികേശ് മുഖര്‍ജിയുടെ ചുപ്‌കെ ചുപ്‌കെയും ഗോല്‍ മാലും തന്നെ സ്വാധീനിച്ചതായി സംവിധായകന്‍ വെളിപ്പെടുത്തുന്നു.

ഇമ്രാന്‍ ഖാനും കത്രീന കൈഫും പ്രധാന കഥാപാത്രമായെത്തിയ മേരെ ബ്രദര്‍ കീ ദുല്‍ഹന്‍ സെപ്റ്റംബര്‍ 9നാണ് റിലീസാവുന്നത്. യഷ് രാജ് ഫിലിംസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂം ബറാബര്‍ ജൂം , താഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അബ്ബാസിന്റെ ആദ്യ ചിത്രമാണ് മേരെ ബ്രദര്‍ കി ദുല്‍ഹന്‍.